അനാഥമായി പപ്പിനിമെട്ട് മിനി പാര്‍ക്ക്

നെടുങ്കണ്ടം: പപ്പിനിമെട്ടിനെ പച്ചപ്പരവതാനിയുടുപ്പിച്ച് പടുത്തുയര്‍ത്തിയ ഹരിതമെട്ട് മിനി പാര്‍ക്ക് ആര്‍ക്കും വേണ്ടാതെ അനാഥമായി. നെടുങ്കണ്ടം പഞ്ചായത്ത് മാറിമാറി ഭരിച്ച മുന്നണികള്‍ നിര്‍മാണത്തിന്‍െറ പേരില്‍ ലക്ഷങ്ങള്‍ മുടക്കിയതിനുപുറമെ ഉദ്ഘാടന മാമാങ്കവും നടത്തി. 2010ല്‍ അന്നത്തെ എം.ജി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ സ്കൂള്‍ പാര്‍ക്കിന്‍െറയും വാന നിരീക്ഷണ കേന്ദ്രത്തിന്‍െറയും ഉദ്ഘാടനം നിര്‍വഹിച്ചു. 2012ല്‍ മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സഹ്യദര്‍ശന്‍ പാര്‍ക്ക് പി.ടി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. അധികം താമസിയാതെ പാര്‍ക്ക് സാമൂഹികവിരുദ്ധര്‍ കൈയേറി തല്ലിത്തകര്‍ത്തു. ഉദ്ഘാടനം കെങ്കേമമാക്കിയതല്ലാതെ പഞ്ചായത്ത് ഭരണസമിതി പിന്നീട് തിരിഞ്ഞുനോക്കിയില്ല. സാമൂഹികവിരുദ്ധര്‍ക്ക് ഇത് സഹായകമായി. തേക്കടി, മൂന്നാര്‍, രാമക്കല്‍മേട്ട് എന്നിവിടങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ ഇടത്താവളമായി നെടുങ്കണ്ടത്തത്തൊറുണ്ട്. ഇവര്‍ക്ക് ഈ മലമുകളിലത്തെി വിശ്രമിക്കാനും പ്രകൃതി ആസ്വദിക്കാനും സൗകര്യം ഒരുക്കുകയായിരുന്നു പാര്‍ക്കിന്‍െറ ലക്ഷ്യം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആകാശക്കാഴ്ചകള്‍ കാണാന്‍ സംവിധാനമൊരുക്കിയിരുന്നു. മൊട്ടക്കുന്നിന്‍െറ മുകളിലേക്ക് നടപ്പുവഴിയും രണ്ട് നിലകളിലായി വാച്ച് ടവറും ദൂരദര്‍ശിനിയും സ്ഥാപിച്ചിരുന്നു. ആകാശക്കാഴ്ചകള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളുടെ ദൃശ്യങ്ങളും ദൂരദര്‍ശിനിയിലൂടെ കാണാമായിരുന്നു. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ചാരു ബഞ്ചുകളും കുട്ടികള്‍ക്കായി വിനോദോപാധികളും ഒപ്പം എല്ലാവിധ സാധനങ്ങളും ലഭ്യമാക്കുന്ന മിനി സൂപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, സാമൂഹികവിരുദ്ധര്‍ ഗേറ്റും ഷട്ടറുകളും ടോയ്ലറ്റും കതകുകളും വയറിങ്ങും സ്വിച്ച് ബോര്‍ഡുമെല്ലാം നശിപ്പിച്ചു. കട നടത്തിയിരുന്നയാള്‍ ഉപേക്ഷിച്ചുപോയി. എന്നിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. സുരക്ഷാ ജീവനക്കാരനെ നിയമിക്കാന്‍പോലും തയാറായില്ല. കഴിഞ്ഞ ഭരണസമിതി തിരിഞ്ഞുനോക്കാതെ ഷട്ടറുകളും മറ്റും തുരുമ്പെടുത്ത് നശിച്ചു. പുതുതായി വന്ന പഞ്ചായത്ത് ഭരണസമിതിയും പപ്പിനിമെട്ടിനെ ഉപേക്ഷിച്ചമട്ടാണ്. വര്‍ഷങ്ങളായി ഈ കുന്നിന്‍ മുകളില്‍ നിരവധി പേര്‍ എത്താറുണ്ട്. രാമക്കല്‍മേട് മലനിരകളും നെടുങ്കണ്ടം പട്ടണത്തെ വലയം ചെയ്തിരിക്കുന്ന മലനിരകളും കുരുവിക്കാനം, പുഷ്പക്കണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കാറ്റാടികളും ഈ മലമുകളില്‍ നിന്നാല്‍ കാണാം. മൊട്ടക്കുന്നിന് മുകളിലേക്കുള്ള നടപ്പുവഴിയുടെ ഇരുവശങ്ങളിലും ഒൗഷധച്ചെടികളും തണല്‍വൃക്ഷതൈകളും പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിക്കാനും ഇതിനായി വിദ്യാലയങ്ങള്‍ക്കും ക്ളബുകള്‍ക്കും വിവിധ സംഘടനകള്‍ക്കും സ്ഥലം തിരിച്ചു നല്‍കാനും ആരംഭത്തില്‍ പദ്ധതിയിട്ടിരുന്നു. വനവത്കരണവും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുവളര്‍ത്തി പൂമ്പാറ്റകള്‍ക്കും പക്ഷികള്‍ക്കും പറന്നുനടക്കാനും അവസരമൊരുക്കുമെന്നും അന്നത്തെ ഭരണസമിതി അറിയിച്ചിരുന്നു. 2010ല്‍ മിനി പാര്‍ക്കിന് ആരംഭം കുറിച്ചത് ഇടത് പഞ്ചായത്ത് ഭരണസമിതിയായിരുന്നു. പിന്നീട് വന്നതും ഇപ്പോള്‍ ഭരണത്തിലിരിക്കുന്നതും യു.ഡി.എഫ് ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.