അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തും

തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ജോലി ചെയ്യുന്ന ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ വകുപ്പ്, റവന്യൂ, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനം. ഇതരസംസ്ഥാനത്തുനിന്നത്തെി ഒരു രേഖയുമില്ലാതെ തൊഴിലാളികള്‍ തൊടുപുഴ കേന്ദ്രീകരിച്ച് താമസിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത യോഗം തീരുമാനിച്ചത്. തൊടുപുഴ നഗരത്തില്‍ അടുത്തിടെ നടന്ന മിക്ക കുറ്റകൃത്യങ്ങളിലും പങ്കാളികളായത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള പൊലീസിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് നഗരസഭ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളുടെയും തൊഴിലുടമകളുടെയും യോഗം ചേര്‍ന്നിരുന്നു. ഇവരുടെ രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഇവരെ പാര്‍പ്പിക്കുന്ന തൊഴിലുടമകള്‍ക്കെതിരെയും കോണ്‍ട്രാക്ടര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് ഇവര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. ഹോട്ടലുകള്‍, നിര്‍മാണ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തൊഴിലാളികള്‍ തമ്പടിക്കുന്നത്. നഗരസഭാ പ്രദേശത്തെ നിരവധി ഹോട്ടലുകളില്‍ ഇവര്‍ ജോലി ചെയ്യുന്നു. എന്നാല്‍, ഒരു രേഖകളും ഹോട്ടലുടമകളുടെ പക്കലില്ല. സൗകര്യങ്ങളില്ലാതെ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങള്‍, വിവിധ തരത്തിലുള്ള മാരകരോഗ ഹേതുക്കളാണെന്നും ഇത്തരത്തിലുള്ള കെട്ടിട ഉടമകള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനും ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനും തീരുമാനമെടുത്തതായി ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.