മുട്ടം പോളിടെക്നിക്കില്‍ സംഘര്‍ഷം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു

മുട്ടം: മുട്ടം പോളിടെക്നിക് കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. പരിക്കേറ്റ ആസിഫ് റിയാസ്, മാത്യു ഡൊമിനിക് എന്നിവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് ആസിഫ് പറഞ്ഞു. ആസിഫ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്നുമുതല്‍ എസ്.എഫ്.ഐക്കാര്‍ ഭീഷണി മുഴക്കിയിരുന്നതായി ആസിഫ് പറഞ്ഞു. കഴിഞ്ഞ ഒമ്പതിന് മുട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ഷഹീമിനെയും എസ്.എഫ്.ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ആസിഫിനുവേണ്ടി പ്രചാരണം നടത്തിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പിനുശേഷം എം.എസ്.എഫ്, കെ.എസ്.യു, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് കോളജില്‍ വരാനും പഠിക്കാനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ മുട്ടം പൊലീസ് സ്റ്റേഷനില്‍ ആസിഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഉച്ചയോടെ ആക്രമിക്കപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ മുട്ടം സ്റ്റേഷനിലെ എ.എസ്.ഐ ടി.കെ. സുകുവാണ് ആസിഫിനെ കോളജില്‍നിന്ന് പുറത്തിറക്കിയത്. ഇടവേളക്ക് ശേഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ പേരില്‍ മുട്ടം പോളിടെക്നിക് കോളജ് വീണ്ടും കലുഷിതമാകുകയാണ്. ഇവിടുത്തെ അക്രമരാഷ്ട്രീയത്തിനെതിരെ മുമ്പ് രക്ഷിതാക്കള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇക്കുറി പൊലീസിന്‍െറ നിഷ്ക്രിയത്വമാണ് കാമ്പസിനെ കലുഷിതമാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ, തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ വിദ്യാര്‍ഥികളും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.