അപകടം കുതിക്കുന്നു; ഇരുചക്രങ്ങളില്‍

തൊടുപുഴ: ജില്ലയില്‍ ഇരുചക്ര വാഹനാപകടത്തില്‍ ഇരകളാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 2011ല്‍ ജില്ലയിലെ ബൈക്കപകടങ്ങളുടെ എണ്ണം 476 ആയിരുന്നെങ്കില്‍ 2016ല്‍ ആറു മാസത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ അപകടം 214ല്‍ എത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വന്‍ വര്‍ധനയാണ് ജില്ലയില്‍ ഇരുചക്ര വാഹനാപകടങ്ങളില്‍ ഉണ്ടാകുന്നത്. 2015ല്‍ 1142 അപകടങ്ങളാണ് ജില്ലയിലുണ്ടായത്. ഇതില്‍ 91 പേര്‍ മരിച്ചു. 523 പേര്‍ക്ക് പരിക്കേറ്റു. അപകടം വരുത്തിയ വാഹനങ്ങളില്‍ ഏറ്റവും മുന്നില്‍ ഇരുചക്ര വാഹനങ്ങളാണ്. 683 ബൈക്ക് അപകടങ്ങളാണുണ്ടായത്. 271 ഓട്ടോകളും 109 ജീപ്പും 288 കാറും അപകടത്തിനിരയായി. 2014ല്‍ 965 അപകടങ്ങള്‍ മൊത്തം നടന്നതില്‍ 87 പേര്‍ മരണപ്പെട്ടു. 569 ഇരുചക്ര വാഹനങ്ങളാണ് ഈ സമയത്ത് അപകടത്തിനിരയായത്. 107 ജീപ്പും 290 കാറും 33 ലോറിയും 64 ബസും അപകടത്തില്‍ ഉള്‍പ്പെട്ടു. 2013ല്‍ 897 അപകടങ്ങള്‍ നടന്നതില്‍ 95 പേര്‍ ജില്ലയില്‍ മരിച്ചു. ഇക്കാലയളവില്‍ അപകടമുണ്ടാക്കിയ ഇരുചക്രവാഹനങ്ങളുടെ എണ്ണം 494 ആണ്. അപകടത്തില്‍പെടുന്ന ഇരുചക്രവാഹനങ്ങളിലേറെയും പുതുതലമുറയില്‍പെട്ട ബൈക്കുകളാണ്. അമിത വേഗവും ഇതിനിടെയുള്ള അഭ്യാസ പ്രകടനങ്ങളും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. അപകടങ്ങള്‍ സംഭവിക്കുന്നതിലേറെയും രാത്രി സമയങ്ങളിലാണ്. ഒരുദിവസം പത്തുപേരെങ്കിലും ശരാശരി ലൈസന്‍സില്ലാതെ പിടിയിലാകുന്നതായി ട്രാഫിക് പൊലീസ് പറയുന്നു. സംസ്ഥാനത്തെ മൊത്തം ഇരുചക്ര വാഹനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇടുക്കി 12ാം സ്ഥാനത്താണ്. അപകട സ്പോട്ടുകളായി ട്രാഫിക് പൊലീസ് കണ്ടത്തെിയ സ്ഥലത്താണ് ഏറെ അപകടങ്ങളും നടന്നിട്ടുള്ളത്. അപകടത്തിരയാകുന്നവരില്‍ ഭൂരിഭാഗവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ഹൈറേഞ്ച് മേഖലകളിലേക്ക് ബൈക്ക് റൈഡിങ്ങിനായി കൂട്ടമായി എത്തുന്ന യുവാക്കളുടെ അമിത വേഗം മറ്റ് വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നുണ്ട്. വിദ്യാര്‍ഥികളാണ് ഇവരിലേറെയും. ഹൈറേഞ്ചിലെ റോഡിനെക്കുറിച്ചോ ഇവിടുത്തെ അപകട വളവുകളെക്കുറിച്ചോ അറിയാത്തവരാണ് അപകടത്തില്‍പെടുന്നവരില്‍ ഭൂരിഭാഗവും. വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയായവരുംവരെ ഇക്കൂട്ടത്തിലുണ്ട്. അമിത വേഗത്തിലത്തെുന്ന ഇത്തരക്കാരെ കൈകാണിച്ചാലും നിര്‍ത്തില്ല. പിറകില്‍ പോയി പിടിച്ചാല്‍ തലവേദനയാകുമെന്ന് ഭയന്ന് പൊലീസും പിന്തുടരാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.