ഒ.ഡി.എഫ് പ്രഖ്യാപനം; ഇടുക്കിക്ക് കടക്കാന്‍ കടമ്പകളേറെ

തൊടുപുഴ: തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജനരഹിത ജില്ലയെന്ന പ്രഖ്യാപനത്തിലേക്ക് ഇടുക്കിക്ക് എത്താന്‍ കടമ്പകളേറെ. അതിര്‍ത്തി പഞ്ചായത്തുകളിലും ആദിവാസി മേഖലകളിലും പദ്ധതി ലക്ഷ്യത്തിലത്തെുമോയെന്ന കാര്യത്തില്‍ ആശങ്കയാണ്. യാത്രാസൗകര്യവും ഫണ്ടിന്‍െറ അഭാവവുമാണ് പദ്ധതി നടത്തിപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് കേരളത്തെ സമ്പൂര്‍ണ ശുചിമുറി സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്. ശുചിമുറികള്‍ ഇല്ലാത്ത വീടുകള്‍ക്ക് അവ നിര്‍മിക്കുന്നതിനും പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജമില്ലാത്ത പ്രദേശമാക്കി മാറ്റാനുള്ള ഓപണ്‍ ഒഡഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 52 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കേണ്ടത്. പ്രഖ്യാപന ദിനത്തിന് ഇനി ഒരുമാസവും 10 ദിവസവും കൂടി അവശേഷിക്കെ മുട്ടം പഞ്ചായത്തില്‍ മാത്രമാണ് പ്രഖ്യാപനം നടന്നത്. എല്ലാ പഞ്ചായത്തുകളിലുമായി 22,476 ടോയ്ലറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 33 പഞ്ചായത്തുകളിലെ കക്കൂസുകളുടെ നിര്‍മാണം ശുചിത്വമിഷനും 19 പഞ്ചായത്തുകളില്‍ ജലനിധിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതിന് തടസ്സമായി നില്‍ക്കുന്നത് ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാണ്. ഹൈറേഞ്ച് മേഖലകളിലെ നിര്‍മാണവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ 40ഓളം പഞ്ചായത്തുകളിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളുണ്ട്. ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ മിക്കയിടത്തും നല്ല ശുചിമുറികള്‍ ഇല്ലാത്ത സ്ഥിതിയാണ്. ചില വീടുകളില്‍ ഭിത്തിയോ മേല്‍ക്കൂരയോ ഇല്ലാത്ത ശുചിമുറികളാണ് ഉള്ളത്. സ്വച്ഛ്ഭാരത് മിഷന്‍ 15,400 രൂപയാണ് ഒരു ശൗചാലയത്തിന് നല്‍കുന്നത്. 12,000 രൂപ കേന്ദ്രവും ബാക്കി തദ്ദേശസ്ഥാപനങ്ങളും നല്‍കണം. ദുര്‍ഘട മേഖലകളില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് ഒക്ടോബര്‍ അവസാനത്തോടെ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്നും ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.