ഗതാഗത പരിഷ്കാരം തുടരാന്‍ തൊടുപുഴ നഗരസഭാ കൗണ്‍സില്‍ തീരുമാനം

തൊടുപുഴ: ട്രാഫിക് അഡൈ്വസറി കമ്മിറ്റി നടപ്പാക്കിയ ഗതാഗത പരിഷ്കരണം തുടരാന്‍ തൊടുപുഴ നഗരസഭാ കൗണ്‍സില്‍ തീരുമാനം. പരിഷ്കാരത്തിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കൗണ്‍സില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്. ഇതോടെ, നഗരത്തിലെ ഗതാഗത പരിഷ്കാരം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങും. യു.ഡി.എഫ് കൗണ്‍സിലര്‍ എ.എം. ഹാരിദാണ് വിഷയം ആദ്യം കൗണ്‍സിലില്‍ അറിയിച്ചത്. രണ്ടുമാസം മുമ്പ് നടപ്പാക്കിയ ഗതാഗതപരിഷ്കാരം വ്യാപക എതിര്‍പ്പാണ് സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതേ തുടര്‍ന്ന് സ്വകാര്യബസുകള്‍, കെ.എസ്.ആര്‍.ടി.സി എന്നിവരുമായി ചര്‍ച്ചചെയ്ത് മുവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മങ്ങാട്ടുകവല എത്തി വിമലാലയം വഴി നഗരത്തിലത്തെണമെന്നായിരുന്നു തീരുമാനം. എന്നാല്‍, ട്രാഫിക് അഡൈ്വസറി യോഗത്തില്‍ പരിഷ്കരണത്തിനെ സ്വാഗതംചെയ്യുന്ന നിലപാടാണ് കെ.എസ്.ആര്‍.ടി.സി പ്രതിനിധി കൈക്കൊണ്ടത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ബൈപാസും മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡും സജീവമാക്കാനും പരിഷ്കാരം കൃത്യമായി നടപ്പാക്കണമെന്നും ഹാരിദ് ആവശ്യപ്പെട്ടു. ബി.ജെ.പി കൗണ്‍സിലറായ ബാബു പരമേശ്വരനും എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദനും ഹാരിദിന്‍െറ അഭിപ്രായത്തെ പിന്‍താങ്ങി. തീരുമാനം നടപ്പാക്കുന്നതിനായി എം.എല്‍.എ, മന്ത്രി, കോടതി എന്നിവിടങ്ങളില്‍നിന്ന് സഹായം തേടണമെന്നും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കണമെന്നും അഭിപ്രായമുയര്‍ന്നു. ഇതിനായി കെ.എസ്.ആര്‍.ടി.സി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് സെപ്റ്റംബറില്‍ ട്രാഫിക് അഡൈ്വസറി യോഗം ചേരും. നഗരത്തില്‍ മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊലീസുമായി ചേര്‍ന്ന് സംയുക്ത രജിസ്റ്റര്‍ ഉണ്ടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി മുനിസിപ്പാലിറ്റി, പൊലീസ്, ലേബര്‍ ഡിപാര്‍ട്മെന്‍റ്, ഹെല്‍ത്ത് ഡിപാര്‍ട്മെന്‍റ് എന്നിവയുടെ സംയുക്ത യോഗം ചേരും. ന്യൂമാന്‍-വിമലാലയം ലിങ്ക് റോഡ് ന്യൂമാന്‍ കോളജ് അധികൃതര്‍ കൈയേറിയെന്ന ആരോപണം ശരിയാണെന്ന് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനം എന്ന നിലക്ക് വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, എല്‍.ഡി.എഫ് അംഗങ്ങള്‍ കോളജിന്‍െറ നീക്കം പ്രതിഷേധാര്‍ഹമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനായി വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്, രാജീവ് പുഷ്പാംഗദന്‍, ബാബു പരമേശ്വരന്‍ എിവരടങ്ങിയ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.