നിഷാദിനു ജീവിതം നല്‍കാന്‍ കരുണയുടെ വഴിയില്‍ നാട്

അടിമാലി: വൃക്കകള്‍ തകരാറിലായ അടിമാലിയിലെ ചുമട്ടുതൊഴിലാളി ഇരുമ്പുപാലം ചില്ലിത്തോട് പട്ടമ്മാവുകുടി നിഷാദിന്‍െറ ചികിത്സക്ക് നാട് കൈകോര്‍ക്കുന്നു. ആഘോഷവേളകളില്‍ ചെലവഴിക്കുന്ന തുകയില്‍നിന്ന് ഒരുഭാഗം മിച്ചം പിടിച്ച് നിര്‍ധന യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ശ്രമം. പത്താംമൈലില്‍ പ്രഭാഷണ പരമ്പരയിലൂടെ യുവാക്കള്‍ ഫണ്ട് ശേഖരിച്ചപ്പോള്‍ അടിമാലി എസ്.എന്‍ ക്ളബ് ആഭിമുഖ്യത്തില്‍ ഗുരുജയന്തിദിനത്തില്‍ രാവിലെ മുതല്‍ തെരുവോരങ്ങളിലും ടൗണിലും ഗാനമേള സംഘടിപ്പിച്ചായിരുന്നു ധനസമാഹരണം. ലക്ഷത്തിലേറെ രൂപയാണ് ഗാനമേളയിലൂടെ ഒരുദിവസംകൊണ്ട് സമാഹരിച്ചത്. അടിമാലിയിലെ ചുമട്ട് തൊഴിലാളികളും ലക്ഷത്തിലേറെ രൂപ സമാഹരിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.വി. സ്കറിയയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഗാനമേള ട്രൂപ്പുകളിലൂടെ ശ്രദ്ധേയരായ അടിമാലി മേഖലയിലെ ഗായകരായ ബിനീഷ് അടിമാലി, ബിജു കൊച്ചിന്‍, സഹോദരങ്ങളായ രാഹുല്‍രാജ്, രാജേഷ് രാജ്, ബിന്‍േറാ മാത്യു, കെ.ബി. സൂരജ്, ബേസില്‍ പൗലോസ് എന്നിവര്‍ ഗാനങ്ങളാലപിച്ച് ഫണ്ട് ശേഖരണം സജീവമാക്കി. അടിമാലി എസ്.എന്‍.ഡി.പി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും സമാഹരിച്ച 30,000 രൂപ, അടിമാലി ജനമൈത്രി പൊലീസ് കാന്‍റീന്‍ സമാഹരിച്ച 10,000 രൂപ തുടങ്ങിയവ ഗാനമേള വേദിയില്‍ കൈമാറി. തിരുവോണ ദിവസംവരെ അഞ്ചു ലക്ഷത്തോളം രൂപ സമാഹരിച്ചു. ഒരുവര്‍ഷം മുമ്പ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ചാറ്റുപാറ തോട്ടുങ്കര പുരുഷോത്തമനുവേണ്ടിയും ഗാനമേളയിലൂടെ ഒന്നരലക്ഷം സമാഹരിച്ചിരുന്നു. മച്ചിപ്ളാവ് ദേശസേവിനി വായനശാല 15,000 രൂപയും അടിമാലി ബാസ് ഫുട്ബാള്‍ ക്ളബ് 7,000 രൂപയും സംഭാവന നല്‍കി. ചുമട്ടുതൊഴിലാളികള്‍ സമാഹരിച്ച ഒന്നരലക്ഷം എസ്. രാജേന്ദ്രന്‍ എം.എല്‍.എക്ക് കൈമാറി. 15 ലക്ഷം രൂപയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടത്. ജനകീയ കമ്മിറ്റി ചെയര്‍മാന്‍ പി.വി. സ്കറിയ, ഭാരവാഹികളായ സി.ഡി. ഷാജി, കെ.എം. ഷാജി എന്നിവരുടെ പേരില്‍ അടിമാലി കനറാ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 466 610 100 3303. ഐ.എഫ്.എസ് കോഡ്: CNRB000466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.