തൊടുപുഴയിലെ കവര്‍ച്ച: തപ്പിത്തടഞ്ഞ് പൊലീസ്

തൊടുപുഴ: തൊടുപുഴയില്‍ ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന മോഷ്ടാക്കളെ തേടി പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രതികളെ ക്കുറിച്ച് സൂചന ലഭിച്ചിട്ടും സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും പൊലീസ് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തത് വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലെ പാളിച്ചയും രാത്രികാല പട്രോളിങ്ങിലെ വീഴ്ചയുമാണ് മോഷണസംഘത്തിന് സഹായകരമായെന്നാണ് വിമര്‍ശം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സി.സി ടി.വിയുടെ സഹായത്തിലും നടത്തിയ പരിശോധനയില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ ഫലമുണ്ടായിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രിയാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസം ബാലചന്ദ്രന്‍, ഭാര്യ എന്നിവരെ കെട്ടിയിട്ട് മര്‍ദിച്ചശേഷം ഇതര സംസ്ഥാന തൊഴിലാളികളെന്ന് കരുതുന്ന നാലംഗസംഘം ഒന്നേമുക്കാല്‍ ലക്ഷം രൂപയും അഞ്ചര പവന്‍െറ സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. വായില്‍ തുണി തിരുകിയശേഷം കഠാര ചൂണ്ടിയാണ് ഇവര്‍ മോഷണം നടത്തിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാത്രമുള്ളിടത്തുനിന്നാണ് മോഷണം നടത്തി പ്രതികള്‍ രക്ഷപ്പെട്ടത്. നഗരത്തിലടക്കമുള്ള പൊലീസിന്‍െറ സി.സി ടി.വിയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞെങ്കിലും നിരീക്ഷണ ച്ചുമതലയുള്ള ഉദ്യോഗസ്ഥരാരും ഇത് കണ്ടില്ല. പൊലീസിന്‍െറ എട്ട് പട്രോളിങ് സംഘങ്ങളെയാണ് എസ്.പിയുടെ നിര്‍ദേശ പ്രകാരം നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. തൊടുപുഴയില്‍ മോഷണം വ്യാപകമായതിന്‍െറ പശ്ചാത്തലത്തിലായിരുന്നു പട്രോളിങ് കൂട്ടിയത്. എന്നാല്‍, ഇവരെല്ലാം നിഷ്ക്രിയരായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു കവര്‍ച്ച. പലരും ഡ്യൂട്ടിയിലുണ്ടെന്ന് രേഖപ്പെടുത്തി പട്രോളിങ് പേരിന് നടത്തി മടങ്ങുകയാണെന്ന് നഗരത്തിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ നഗരത്തിന്‍െറ മുക്കും മൂലയും പരിശോധിക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും ഉള്‍പ്രദേശങ്ങളെ ഒഴിവാക്കിയാണ് പരിശോധനയെന്ന് വിമര്‍ശമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം തൊടുപുഴ പൊലീസ് അവഗണിച്ചതായും റിപ്പോര്‍ട്ടുണ്ട്. മോഷണസംഘം പൊലീസ് സ്റ്റേഷന് മുന്നിലൂടെ പാലം കടന്ന് ഓട്ടോ വിളിച്ച് രക്ഷപ്പെട്ടതെന്നാണ് നിഗമനം. ഇവര്‍ മൂവാറ്റുപുഴയിലും തുടര്‍ന്ന് ആലുവയില്‍ എത്തിയിട്ടും പൊലീസ് അറിഞ്ഞില്ല. തുടര്‍ന്ന് പാലക്കാട് ഒലവക്കോട് വെച്ച് റെയില്‍വേ പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. മോഷണം നടന്ന വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയതാണ് പ്രതികളെ പിടികൂടുന്നതിന് തടസ്സമുണ്ടാക്കിയതെന്നാണ് പൊലീസ് കണ്ടത്തെല്‍. തൊടുപുഴ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി ചോദ്യംചെയ്ത് വിട്ടയക്കുന്നതല്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 12ഓളം പേരെ ചോദ്യംചെയ്യാന്‍ വിളിച്ചിട്ടുണ്ട്. പ്രതികളുടെ സ്വദേശമായ ഒഡിഷയിലേക്ക് വെള്ളിയാഴ്ച യാത്ര തിരിക്കുമെന്നാണ് അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. സംഭവത്തില്‍ ഉടന്‍ മോഷ്ടാക്കള്‍ പിടിയിലാകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.