തൊടുപുഴ: യു.എന്‍.ഡി.പി ആഭിമുഖ്യത്തില്‍ നടപ്പാക്കാന്‍ തയാറാക്കിയ ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ് സ്കേപ് പ്രോജക്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതിനാല്‍ സര്‍ക്കാര്‍ തള്ളണമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് വ്യാപക പ്രതിഷേധമുയര്‍ന്നത്. പദ്ധതിയോടുള്ള യോഗത്തിലെ എതിര്‍പ്പ് സര്‍ക്കാറിനെ അറിയിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട് 2011-13 കാലയളവില്‍ യു.എന്‍.ഡി.പി തയാറാക്കിയതും 2014ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനക്കു വന്നതുമായ പദ്ധതി ഗ്ളോബല്‍ എന്‍വയണ്‍മെന്‍റ് ഫണ്ടില്‍നിന്ന് ലഭിക്കുന്ന ഗ്രാന്‍റ് ഉപയോഗിച്ചാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ആഗസ്റ്റ് രണ്ടിന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുക്കുന്നതിനു ജില്ലയില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. ഇടുക്കിയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പദ്ധതി നടപ്പാക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നതാണെന്നും പദ്ധതിരേഖ പരിശോധിച്ചതില്‍ കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളുമായി കൂട്ടിയിണക്കി സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്ന പദ്ധതി ജനജീവിതം ദുസ്സഹമാക്കുന്നതിനു കാരണമാകുന്നുമെന്നും എം.പി പറഞ്ഞു. മൂന്നാര്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതി ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. 2011ല്‍ സുതാര്യമായ പദ്ധതി അവതരിപ്പിക്കാനോ പ്രാരംഭദിശയില്‍ വേണ്ടത്ര ചര്‍ച്ച നടത്താനോ തയാറാകാതെ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നത് ഇടുക്കിയിലെ ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കും. പട്ടയ പ്രശ്നമുള്‍പ്പെടെ പൂര്‍ണമായും പരിഹരിക്കപ്പെടാത്ത നിരവധി വിഷയങ്ങളുണ്ട്. പുതിയ കുരുക്കുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുകയില്ളെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിച്ചു. യു.എന്‍.ഡി.പി കണ്‍സല്‍ട്ടന്‍റുമാരായ അജയ്കുമാര്‍ വര്‍മ, ജി. ബീന എന്നിവര്‍ പദ്ധതി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.