ഇതര ജില്ലകളിലെ മാലിന്യം ഹൈറേഞ്ചിലേക്ക്

പീരുമേട്: ഇതര ജില്ലകളില്‍നിന്നുള്ള മാലിന്യം വന്‍തോതില്‍ ഹൈറേഞ്ച് മേഖലയിലേക്ക് എത്തുന്നു.വ്യവസായ, വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് മാലിന്യം നീക്കാന്‍ കരാറെടുത്ത സ്വകാര്യ വ്യക്തികളാണ് ജില്ലയിലെ വനങ്ങളിലും റോഡരികിലും വിജനമായ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത്. കോട്ടയം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്ന് രാത്രിയില്‍ മിനിലോറികള്‍, പിക് അപ് വാനുകള്‍, പെട്ടി ഓട്ടോകള്‍ എന്നിവയില്‍ മാലിന്യം കൊണ്ടുവരുന്നത്. ദേശീയപാത 183ല്‍ 40ാംമൈല്‍, ഏലപ്പാറക്ക് സമീപം ഒന്നാംമൈല്‍, മദാമ്മക്കുളത്തേക്കുള്ള റോഡുവക്ക് എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാണ്. കോട്ടയത്തെ പ്രമുഖ ഹോട്ടല്‍, കുമരകത്തെ കേറ്ററിങ് സ്ഥാപനം എന്നിവിടങ്ങളിലെ മാലിന്യം ഏലപ്പാറ-വാഗമണ്‍ റോഡില്‍ ബോണാമിക്ക് സമീപം തള്ളിയിരുന്നു. റോഡരികിലെ ചാക്കുകളില്‍ കിടന്ന മാലിന്യം പൊലീസ് പരിശോധിച്ചപ്പോള്‍ കോട്ടയം, കുമരകം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ നിന്നുമത്തെിയതാണെന്ന് കണ്ടത്തെി. മദാമ്മക്കുളത്തിന് സമീപവും ഏലപ്പാറ ഉപ്പുകുളത്തും റബര്‍ഫാക്ടറിയില്‍നിന്നുള്ള മലിനജലം പിക്അപ് വാനില്‍ എത്തിച്ച് ഒഴിക്കിക്കളയുന്നുണ്ടത്രെ. 250 ലിറ്ററിന്‍െറ പ്ളാസ്റ്റിക് ജാറുകളില്‍ പിക്അപ് വാനില്‍ എത്തിച്ചാണ് വിജനമായ പ്രദേശങ്ങളില്‍ ഒഴുക്കുന്നത്. ജാറുകള്‍ പച്ച പോളിത്തീന്‍ വല ഉപയോഗിച്ച് മറച്ചാണ് കൊണ്ടുവരുന്നത്. മദാമ്മക്കുളത്ത് പന്നി ഫാമിന്‍െറ മറവില്‍ കൊല്ലത്തുനിന്ന് എത്തിക്കുന്ന മാലിന്യവും തള്ളുന്നുണ്ട്. മാലിന്യവുമായി എത്തിയ ലോറി നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മുണ്ടക്കയം ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ മീന്‍ കച്ചവടക്കാരുടെ മാലിന്യം തള്ളല്‍ പെരുവന്താനം 40ാം മൈലിന് സമീപത്തെ റോഡരികിലാണ്. പീരുമേട് ഗ്രാമപഞ്ചായത്ത്, പാമ്പനാറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ മാലിന്യം, തമിഴ്നാട്ടില്‍നിന്ന് ചരക്കുമായി കേരളത്തിന്‍െറ വിവിധ മേഖലകളിലേക്കുപോകുന്ന ലോറികളില്‍ എത്തുന്ന മാലിന്യം എന്നിവ മത്തായിക്കൊക്കയിലാണ് ഉപേക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ റോഡരികില്‍ മാലിന്യം തള്ളുന്നത് നിരോധിച്ചതിനാലാണ് മത്തായിക്കൊക്കയില്‍ തള്ളുന്നത്. അറവുശാലകള്‍, ഹോട്ടല്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കക്കൂസ് മാലിന്യവും വന്‍തോതില്‍ അഴുതയാറ്റില്‍ ഒഴുക്കുന്നുണ്ട്. മാലിന്യം തള്ളുന്നിടത്ത് നായ്, കൊതുക്, ഈച്ച എന്നിവയുടെ ശല്യം രൂക്ഷമാണ്. മാലിന്യക്കൂമ്പാരത്തിലെ ദുര്‍ഗന്ധം സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എത്തുന്നുണ്ട്. വിവിധ മേഖലകളില്‍നിന്ന് വന്‍തോതില്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം ഹൈറേഞ്ചില്‍ തള്ളുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.