മലയോരത്തിന്‍െറ മണ്ണില്‍ ഉരുളക്കിഴങ്ങും വിളയും

രാജാക്കാട്: ഉരുളക്കിഴങ്ങ് കൃഷിയിലും വിജയഗാഥ രചിച്ച് ആദിവാസി കര്‍ഷകന്‍. ശാന്തന്‍പാറ പഞ്ചായത്തിലെ ആടുവിളന്താന്‍കുടിയിലെ വെങ്കിടാചലമാണ് ജൈവകൃഷി രീതിയിലൂടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് വിജയം കണ്ടത്. സംസ്ഥാനത്തെ ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലും കാന്തല്ലൂരിലും മറയൂരിലും ഉണ്ടായിരുന്ന ഉരുളക്കിഴങ്ങ് കൃഷി മലയോരത്തിന്‍െറ മണ്ണില്‍ സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആടുവിളന്താന്‍ ആദിവാസിക്കുടിയിലെ പി.എസ്. വെങ്കിടാചലം മാതൃകാകര്‍ഷകന്‍. ഏലവും കുരുമുളകും അടക്കമുള്ള നാണ്യവിളകള്‍ക്ക് ഉല്‍പാദനക്കുറവും വിലത്തകര്‍ച്ചയും കേടുബാധയും രൂക്ഷമായി വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് കുറഞ്ഞ ചെലവില്‍ ജൈവരീതിയില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്. മുതുവാന്‍ വിഭാഗത്തില്‍പെട്ട ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിയില്‍ വെങ്കിടാചലത്തിന്‍െറ കൃഷി വിജയത്തിലത്തെിയതോടെ ആദിവാസി സമൂഹം ജൈവപച്ചക്കറി കൃഷിക്ക് തയാറെടുക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ചെറിയ രീതിയിലാണ് കൃഷി ആരംഭിച്ചത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തില്‍നിന്ന് മികച്ചയിനം വിത്തുകള്‍ വാങ്ങി അഞ്ചേക്കറോളം സ്ഥലത്താണ് വിപുലമായ കൃഷിയിറക്കിയത്. കൃഷി വിജയത്തിലത്തെിക്കാന്‍ മുടക്കിയത് 15,000 രൂപ മാത്രമാണ്. ഒരേക്കര്‍ സ്ഥലത്തുനിന്ന് 400 കിലോവരെ വിളവ് ലഭിക്കുന്നുണ്ട്. വിളവെടുത്ത കിഴങ്ങ് വിറ്റഴിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കാന്തല്ലൂരില്‍ എത്തിച്ചാണ് വില്‍പന. ക്യാരറ്റും കാബേജുമടക്കമുള്ള മറ്റ് പച്ചക്കറികളും വ്യാപകമായി കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ് വെങ്കിടാചലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.