കട്ടപ്പന: കെ.എസ്.ആര്‍.ടി.സി കട്ടപ്പന മാതൃകാ ഡിപ്പോ കട്ടപ്പുറത്ത്. കെ.എസ്.ആര്‍.ടി.സിയുടെ ജില്ലയിലെ മാതൃകാ ഡിപ്പോയായ കട്ടപ്പന ഡിപ്പോയുടെ സ്ഥിതി ദയനീയമാണ്. ഓണത്തിന് ബസുകളുടെ സര്‍വിസുകള്‍ താറുമാറായി യാത്രക്കാര്‍ പെരുവഴിയിലാകുന്ന സ്ഥിതിയാണ്. എറണാകുളം സോണില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടി മികവ് തെളിയിച്ച കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ തെളിവാണിത്. മെക്കാനിക്കുകളുടെയും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവ് ഡിപ്പോയുടെ താളം തെറ്റിക്കുകയാണ്. ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സ് ഇല്ലാത്തതിനാല്‍ വണ്ടികള്‍ പലതും കട്ടപ്പുറത്താണ്. വണ്ടി വഴിയില്‍ കേടായാല്‍ സ്ഥലത്തുപോയി അറ്റകുറ്റപ്പണി നടത്തി തിരിച്ചു കൊണ്ടുവരേണ്ട മൊബൈല്‍ വര്‍ക്ഷോപ് കട്ടപ്പുറത്ത് വിശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്‍ജിനും ഗിയര്‍ബോക്സും അഴിച്ചിട്ട മൊബൈല്‍ വര്‍ക്ഷോപ് വാഹനം റോഡില്‍ ഇറക്കാന്‍ ആഴ്ചകള്‍ കഴിയണം. ഇതിനിടെ, ഏതെങ്കിലും ബസ് വഴിയില്‍ കേടായാല്‍ സര്‍വിസ് നടത്തുന്ന ഒരു ബസ് സര്‍വിസ് മുടക്കി മെക്കാനിക്കുകളെയും കയറ്റി സ്ഥലത്തുപോയി തകരാര്‍ പരിഹരിക്കേണ്ടി സ്ഥിതിയാണ്. ഇതോടെ, സര്‍വിസ് പ്രതീക്ഷിച്ചു വഴിയില്‍ നില്‍ക്കുന്ന യാത്രക്കാരുടെ യാത്ര മുടങ്ങും. 23 സര്‍വിസുമായി തുടങ്ങിയ കട്ടപ്പന ഡിപ്പോയില്‍ നിലവില്‍ 55 ബസുകളുണ്ട്. ഇതില്‍ ഏഴ് ബസുകള്‍ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി കട്ടപ്പുറത്താണ്. ടെസ്റ്റ് ഡ്രൈവ് നടത്തി ബസുകള്‍ ഓടിക്കണമെങ്കില്‍ തകരാര്‍ പരിഹരിക്കണം. പക്ഷേ, ആവശ്യത്തിന് മെക്കാനിക്കുകള്‍ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണി വൈകുകയാണ്. മഴക്കാലമായതിനാല്‍ ബസുകളുടെ പെയ്ന്‍റിങ് നടത്താനും വിഷമിക്കുകയാണ്. മഴ നനയാതെ ബസിന് പെയ്ന്‍റ് അടിക്കാന്‍ വര്‍ക്ഷോപ്പില്‍ സ്ഥലമില്ല. പെയ്ന്‍റ് അടിക്കാതെ ബസ് റോഡില്‍ ഇറക്കാനും വയ്യ. മെക്കാനിക്കുകളുടെ കുറവുമൂലം ഡിപ്പോ എന്‍ജിനീയര്‍വരെ വര്‍ക്ഷോപ്പില്‍ കഠിനാധ്വാനത്തിലാണ്. സ്പെയര്‍ ബസുകള്‍ ഇല്ലാത്തതിനാല്‍ കേടായ ബസുകള്‍ക്ക് പകരം വിടാനും വണ്ടിയില്ല. ഇത് ബസിന്‍െറ ട്രിപ് മുടങ്ങാനും ഇടയാക്കും. അധികം പഴക്കമില്ലാത്ത നല്ല വണ്ടികളില്‍ ചിലതാണ് കട്ടപ്പുറത്ത് വിശ്രമിക്കുന്നത്. ഓണത്തിന് ഹൈറേഞ്ചില്‍ യാത്രക്കാരുടെ തിരക്ക് കൂടും. ഇത് ഡിപ്പോയുടെ വരുമാനത്തിനും തിരിച്ചടിയാകും. കട്ടപ്പന ഡിപ്പോയില്‍ 15 മെക്കാനിക്കുകളുടെയും 40 ഡ്രൈവര്‍മാരുടെയും അത്രതന്നെ കണ്ടക്ടര്‍മാരുടെയും കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.