കൊക്കയാര്‍ ഗ്രാമപഞ്ചായത്ത്: നെച്ചൂര്‍ തങ്കപ്പന്‍ പ്രസിഡന്‍റ്, സുനിത റെജി വൈസ് പ്രസിഡന്‍റ്

പീരുമേട്: ഉപതെരഞ്ഞെടുപ്പ് നടന്ന കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിലെ നെച്ചൂര്‍ തങ്കപ്പനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. സി.പി.എമ്മിലെ സുനിത റെജിയാണ് വൈസ് പ്രസിഡന്‍റ്. നെച്ചൂര്‍ തങ്കപ്പന്‍ കോണ്‍ഗ്രസിലെ സ്വര്‍ണലത അപ്പുക്കുട്ടനെയും സുനിത റെജി ലിസമ്മ ടോമിയെയും ആറിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 13 അംഗ സമിതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന മുളംകുന്ന് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്‍റ് സ്വര്‍ണലത അപ്പുക്കുട്ടന്‍ രാജിവെക്കുകയായിരുന്നു. യു.ഡി.എഫ് ഭരിച്ചിരുന്ന ഭരണസമിതിയില്‍നിന്ന് കേരള കോണ്‍ഗ്രസ് എം അംഗമായ ഷാജി ജോസഫ് രാജിവെച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ 13അംഗ സമിതിയില്‍ ഇരുമുന്നണികള്‍ക്കും ആറുവീതം അംഗങ്ങളായി. ഭരണം മാറിമറിയാന്‍ നിര്‍ണായകമായ മുളംകുന്ന് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കോട്ടയില്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടിയതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. കഴിഞ്ഞതവണ 242 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിച്ച വാര്‍ഡില്‍ 234 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ മാമച്ചന്‍ ലൂക്കോസ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച നെച്ചൂര്‍ തങ്കപ്പന്‍ പീരുമേട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. പട്ടികജാതി സംവരണമായ പ്രസിഡന്‍റ് പദവി എല്‍.ഡി.എഫ് സംവരണ സീറ്റില്‍ ജയിച്ച നെച്ചൂര്‍ തങ്കപ്പന് നല്‍കുകയായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടി കഴിഞ്ഞതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മക്കളായ വിജേഷ് പൊലീസിലും രാഗേഷ് സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.