വികസന പദ്ധതികള്‍ക്കനുവദിച്ച തുക വെട്ടിക്കുറച്ചു

ചെറുതോണി: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ലോക്കല്‍ ഗവ. സര്‍വിസ് ഡെലിവറി പ്രോജക്ടിന്‍െറ ഭാഗമായി ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുക പകുതിയായി വെട്ടിക്കുറച്ചു. കാമാക്ഷി, മാങ്കുളം, സേനാപതി, പെരുവന്താനം പഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുകയാണ് വെട്ടിക്കുറച്ചത്. ഒരു പഞ്ചായത്തിനു നാലു കോടി വീതമാണ് അനുവദിച്ചത്. ഇത് രണ്ടു കോടിയായി വെട്ടിക്കുറച്ചതോടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് പഞ്ചായത്ത് പദ്ധതികള്‍ തയാറാക്കി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചശേഷം അംഗീകാരം നല്‍കിയ പദ്ധതികളാണ് ഉപേക്ഷിക്കേണ്ടി വന്നത്. ജില്ലയിലെ നാലു പഞ്ചായത്തിലെയും പ്രസിഡന്‍റുമാരെയും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പദ്ധതികള്‍ വെട്ടിത്തിരുത്തി അനുവദിച്ച പണം വെട്ടിക്കുറക്കുകയായിരുന്നു. പദ്ധതിക്ക് അനുവാദം കിട്ടിയെന്നും ഉടന്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ച ഭരണസമിതിക്ക് ഇത് തിരിച്ചടിയായി. കാമാക്ഷി പഞ്ചായത്തില്‍ പ്രഖ്യാപിച്ച കാമാക്ഷി-ഉദയഗിരി റോഡിന്‍െറയും തങ്കമണി ഷോപ്പിങ് കോംപ്ളക്സ് ബസ്സ്റ്റാന്‍ഡിന്‍െറയും പണി പൂര്‍ത്തിയാക്കണമെങ്കില്‍ തികയാത്ത തുക വേറെ കണ്ടത്തെണം. മറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്കും ഇതുതന്നെയാണ് അവസ്ഥ. പഞ്ചായത്തില്‍ ചര്‍ച്ച ചെയ്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കി വര്‍ക്കിങ് ഗ്രൂപ്പിന്‍െറ തീരുമാനപ്രകാരം ആസൂത്രണ സമിതിയുടെ അംഗീകാരം നേടുകയായിരുന്നു. പദ്ധതിയുടെ 80 ശതമാനം തുക കെ.എല്‍.ജി.എസ്.ഡി.പി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പഞ്ചായത്തിന്‍െറ ആസ്തി വിപുലപ്പെടുത്തുന്നതോടൊപ്പം വരുന്ന 20 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികള്‍ കേരള ലോക്കല്‍ ഗവ. സര്‍വിസ് ഡെലിവറി പ്രോജക്ടിന്‍െറ ഭാഗമായി തയാറാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതെല്ലാം പാലിച്ച് നല്‍കിയ പദ്ധതികളാണ് ഇതോടെ തള്ളിയത്. സംസ്ഥാനത്ത് 40 പഞ്ചായത്തുകള്‍ക്കും 10 നഗരസഭകള്‍ക്കും ഇങ്ങനെ പണം അനുവദിച്ചിരുന്നു. അതേസമയം, ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി വീതം അടിമാലി, വട്ടവട പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.