കാലിത്തീറ്റ വില വര്‍ധിപ്പിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടി

അടിമാലി: കാലിത്തീറ്റയുടെ വില വീണ്ടും വര്‍ധിപ്പിച്ച് മില്‍മ ക്ഷീര കര്‍ഷകരെ പിഴിയുന്നു. കഴിഞ്ഞ ആഴ്ചയിലേക്കാള്‍ 10 രൂപയാണ് കൂട്ടിയത്. ഇതിന് പുറമെ കാലിത്തീറ്റക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കിയതോടെ കര്‍ഷകരുടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. 50 കിലോ കാലിത്തീറ്റക്ക് കഴിഞ്ഞയാഴ്ച 919 രൂപയാണ് ജില്ലയിലെ കര്‍ഷകരില്‍നിന്ന് വാങ്ങിയത്. എന്നാല്‍, 10 രൂപ വില വര്‍ധിപ്പിച്ചതിന് പുറമെ 7.50 രൂപ കയറ്റിറക്ക് കൂലി കൂടി ക്ഷീരസംഘങ്ങള്‍ കര്‍ഷകരില്‍നിന്ന് ഈടാക്കുന്നു. പാലിന് ന്യായവില ലഭിക്കാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. മില്‍മയും കേരള ഫീഡ്സുമാണ് കാലിത്തീറ്റ നല്‍കുന്നത്. ഇവര്‍ നല്‍കുന്ന കാലിത്തീറ്റക്ക് സൊസൈറ്റികള്‍ ഈടാക്കുന്നത് പൊതുവിപണിയിലെ വിലയാണ്. ഇതുമൂലം കാലിത്തീറ്റ വിതരണത്തിലെ ലാഭം സൊസൈറ്റികള്‍ക്കാണ് ലഭിക്കുക. സ്വകാര്യ കമ്പനികള്‍ കാലിത്തീറ്റ വിലകുറച്ച് നല്‍കാന്‍ ഒരുക്കമാണെങ്കിലും മില്‍മയുടെ ഭീഷണി മൂലം മറ്റിടങ്ങളില്‍നിന്ന് കാലിത്തീറ്റ വാങ്ങാനോ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനോ ക്ഷീര സംഘങ്ങള്‍ക്ക് കഴിയുന്നുമില്ല. 30 ദിവസം മുമ്പ് പണമടച്ച സംഘങ്ങള്‍ക്കും കാലിത്തീറ്റ നല്‍കിയിട്ടില്ല. 40 രൂപ പ്രകാരം സൊസൈറ്റികളും മില്‍മയും പാല്‍ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ശരാശരി വില 30ല്‍ താഴെ മാത്രം. 10 ലിറ്റര്‍ പാലുള്ള പശുവിന് 10 കിലോ തീറ്റയെങ്കിലും ദിവസവും നല്‍കേണ്ടിവരും. പാല്‍ ഉല്‍പാദനം കൂട്ടാന്‍ കാലിത്തീറ്റയില്‍ ചേര്‍ക്കുന്ന യൂറിയയും മൊളാസിസും പാലിന്‍െറ കൊഴുപ്പ് കുറക്കുന്നെന്നും പശുവിന്‍െറ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുന്നെന്നും കര്‍ഷകര്‍ പറയുന്നു. കൂടുതലായി വരുന്ന ഫണ്ട് ക്ഷീരസംഘങ്ങള്‍ ധൂര്‍ത്തടിക്കുന്നതായും ആക്ഷേപമുണ്ട്. സ്വന്തമായി കെട്ടിടം വാങ്ങുക, സംഘത്തില്‍ കൂളിങ് മെഷീന്‍ സ്ഥാപിക്കുക, വിനോദയാത്ര തുടങ്ങിയ തട്ടിപ്പുകളുടെ കേന്ദ്രങ്ങളായി മാറുകയാണത്രെ ഇത്തരം സംഘങ്ങള്‍. വാങ്ങുന്ന വസ്തു പട്ടയമുള്ളതാണോയെന്ന് പല സംഘങ്ങളും നോക്കാറുമില്ല. ക്ഷീര സഹകരണ സംഘത്തില്‍ പാല്‍ നല്‍കുന്ന കര്‍ഷകരില്‍നിന്ന് ക്ഷേമനിധിയില്‍ അടയ്ക്കാനായി പ്രതിമാസം 20 രൂപ ഈടാക്കുന്നുണ്ടെങ്കിലും ഇതിലും ക്രമക്കേട് നടക്കുന്നതായാണ് വിവരം. ചിലരെ അംഗത്വം നല്‍കാതെ മാറ്റിനിര്‍ത്തിയാണ് ആനുകൂല്യം നിഷേധിക്കുന്നത്. എന്നാല്‍, സൊസൈറ്റിയുടെ ഓരോ യോഗത്തിനും ഭരണസമിതി അംഗങ്ങള്‍ക്ക് സിറ്റിങ് ഫീ നല്‍കുന്നതില്‍ നിയന്ത്രണമില്ളെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഇതിനെല്ലാം പുറമെയാണ് സെമിനാറുകളുടെയും ബോധവത്കരണത്തിന്‍െറയും പേരിലുള്ള തട്ടിപ്പ്. ഇതില്‍ പ്രതിഷേധിച്ച് സൊസൈറ്റികള്‍ക്ക് സമാന്തര സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഒരുകൂട്ടം കര്‍ഷകര്‍. പാല്‍ വിലവര്‍ധന സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. എന്നാല്‍, ഇതിന്‍െറ പ്രയോജനവും സഹകരണസംഘങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.