സമ്പൂര്‍ണ മാലിന്യമുക്ത, ജൈവഗ്രാമമാകാന്‍ മഞ്ഞപ്പാറ

നെടുങ്കണ്ടം: ജില്ലയിലെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ മഞ്ഞപ്പാറയെ സമ്പൂര്‍ണ മാലിന്യമുക്ത ജൈവഗ്രാമമാക്കാന്‍ പ്രദേശവാസികള്‍ കൈകോര്‍ത്തു. ഇതിന്‍െറ പ്രാരംഭമായി കഴിഞ്ഞവര്‍ഷം സമ്പൂര്‍ണ ഹരിതഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഗിരിജ്യോതി ക്രഡിറ്റ് യൂനിയന്‍ നേതൃത്വത്തിലാണ് കര്‍ഷക കൂട്ടായ്മ. സാമ്പത്തിക പ്രതിസന്ധി മൂലം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ ജൈവകൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞപ്പാറയുടെ സ്വന്തം കുരുമുളകിനു വിപണിയില്‍ പ്രൗഢി വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഒപ്പം ഏലം, ജാതി, ഗ്രാമ്പൂ, കാപ്പി, മഞ്ഞള്‍, കൊക്കോ തുടങ്ങിയ വിളകളെ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്. തവണ വ്യവസ്ഥയില്‍ കാര്‍ഷിക വായ്പകള്‍ നല്‍കിയും കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാറേതര ഏജന്‍സികള്‍ നല്‍കുന്ന സബ്സിഡി വാങ്ങി നല്‍കുകയുമാണ് ചെയ്യുന്നത്. 368 ഏക്കര്‍ ഭൂമിയില്‍ ഹരിത വിപ്ളവത്തിനു തുടക്കം കുറിച്ചു. വിവിധ സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് ക്രഡിറ്റ് യൂനിയന്‍ നേതൃത്വത്തിലാണ് പദ്ധതികള്‍. മേഖലയിലെ 168 കുടുംബങ്ങളാണ് ഇതില്‍ പങ്കാളികള്‍. 17 സംഘങ്ങളിലായി 285ഓളം അംഗങ്ങളുണ്ട്. മണ്ണ് സംരക്ഷണത്തിന് കല്ലുകയ്യാല, ജൈവവേലി, മണ്ണ് കയ്യാല എന്നിവയും നിര്‍മിച്ചു. നബാര്‍ഡില്‍നിന്ന് 1.36 കോടി പദ്ധതി നടത്തിപ്പിനായി വായ്പ ലഭിച്ചു. ഈ തുക ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ പടുതക്കുളങ്ങള്‍, മഴവെള്ള സംഭരണികള്‍, ബയോഗ്യാസ് പ്ളാന്‍റുകള്‍ എന്നിവ നിര്‍മിച്ചിട്ടുണ്ട്. മണ്ണിര കമ്പോസ്റ്റ് നിര്‍മാണവും നടക്കുന്നു. മറ്റിതര സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിച്ച് മേഖലയിലെ ചെറുതോട്ടില്‍ ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ചെക്ഡാം നിര്‍മിച്ചു. ഉയര്‍ന്ന പ്രദേശത്ത് വലിയ രണ്ടു ജലസംഭരണി ഒരുക്കി കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി മാര്‍ഗം ഒരുക്കി. നബാര്‍ഡിന്‍െറ പ്രതിനിധികള്‍ ആറു മാസത്തിലൊരിക്കലും ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി പ്രതിനിധികള്‍ മാസത്തില്‍ ഒരുതവണയും സ്ഥലത്തത്തെി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. ഗിരിജ്യോതി ക്രെഡിറ്റ് യൂനിയന്‍ രക്ഷാധികാരി ഫാ. കുര്യാക്കോസ് മറ്റം, പ്രസിഡന്‍റ് മാത്യു വാതല്ലൂര്‍, ജോയി എടാട്ട്, സാജന്‍ കുളങ്ങര, സിജോ നടക്കല്‍, ആന്‍റണി വെട്ടിക്കാട്ട്, ജോസഫ് മോര്‍പാളയില്‍, ജോളി താറാവിള, സിനി ഈഴോര്‍മറ്റം, ബിന്‍സി കാരിമല എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.