തൊടുപുഴ: തൊടുപുഴ നഗരത്തില്‍ തെരുവുനായ് ശല്യം രൂക്ഷമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. ചൊവ്വാഴ്ച തൊടുപുഴയില്‍ രണ്ടുപേര്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ 12പേര്‍ക്ക് നായ്യുടെ കടിയേറ്റു. ഇതോടെ ജില്ലയില്‍ ഈമാസം 145 പേര്‍ക്കും ഈവര്‍ഷം 2383 പേര്‍ക്കും നായ്ക്കളുടെ കടിയേറ്റതായി കണക്കുകള്‍ പറയുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം ഏറെയാണ്. വഴിയോരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നതിനാല്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ വര്‍ധിച്ചിട്ടുണ്ട്. സ്കൂള്‍ കുട്ടികളാണ് തെരുവുനായ്ക്കളുടെ ശല്യത്താല്‍ പൊറുതിമുട്ടുന്നത്. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ യു.പി സ്കൂള്‍, വിമല പബ്ളിക് സ്കൂള്‍ എന്നിവിടങ്ങളിലും നായ് ശല്യം രൂക്ഷമാണ്. യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ സ്ഥിരമായി നായ്ക്കൂട്ടത്തെ കാണാം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ജില്ലാ പഞ്ചായത്ത് രണ്ടുകോടി പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ തൊടുപുഴയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നായ്ക്കളുടെ വന്ധ്യംകരണമുള്‍പ്പെടെ ആലോചിച്ചെങ്കിലും നടപ്പായില്ല. വൈകീട്ടാണ് നായ് ശല്യമേറുന്നത്. വലിയ മുറിവുകളുമായി നഗരത്തിലൂടെ അലഞ്ഞുനടക്കുന്ന നായ്ക്കളും ഇതില്‍പെടും. രാത്രിയില്‍ ബൈക്ക് യാത്രികര്‍ തെരുവുനായ്ക്കളെ ഇടിച്ച് അപകടത്തില്‍പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.