29 കോടിയുടെ കുമളി ശുദ്ധജല പദ്ധതി പൂര്‍ത്തിയാകുന്നു

കുമളി: പുതുവര്‍ഷത്തിന്‍െറ തുടക്കംമുതല്‍ കുമളിയിലെ ജനങ്ങള്‍ ശുചീകരിച്ച ജലം നല്‍കാന്‍ 29 കോടിയുടെ കുമളി ശുദ്ധജലവിതരണ പദ്ധതിയുടെ നിര്‍മാണജോലി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നു. കുമളിയിലെ 30,000ത്തിലധികം പേര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതി 2005ലാണ് തുടക്കമിട്ടത്. തേക്കടി കനാലില്‍നിന്ന് ജലം പമ്പുചെയ്ത് കുമളി അമരാവതി സ്കൂളിന് സമീപത്തെ ശുചീകരണ പ്ളാന്‍റിലത്തെിച്ചാണ് ശുചീകരിക്കുക. ഇതിനായി പെരിയാര്‍ വനമേഖലയിലൂടെ പൈപ്പ് സ്ഥാപിക്കുന്ന ജോലി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, ഇവിടേക്കാവശ്യമായ വൈദ്യുതി, മോട്ടോര്‍ എന്നിവ എത്താന്‍ വൈകിയതായിരുന്നു തടസ്സം. തേക്കടി തടാകത്തിന് സമീപം നിലവിലെ പമ്പിങ് സ്റ്റേഷനില്‍ കൂടുതല്‍ ശക്തിയുള്ള മോട്ടോര്‍ സ്ഥാപിച്ചാണ് ജലം സംഭരിക്കുക. ഇതിനുള്ള മോട്ടോര്‍ ഘടിപ്പിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ ഭാഗമായി ആദ്യം 12 കോടിയാണ് അനുവദിച്ചത്. ഇതിനുശേഷം ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാനും അനുബന്ധ ജോലിക്കുമായി ഒമ്പതുകോടിയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ജലം എത്തിക്കുന്നതിനായി എട്ടുകോടിയും വീണ്ടും അനുവദിച്ചു. കുമളി മേഖലയില്‍ മുഴുവന്‍ ശുദ്ധജലം എത്തിക്കുന്നതിന് ആദ്യം 32 കിലോമീറ്റര്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചു. അധികമായി ലഭിച്ച എട്ടുകോടി ഉപയോഗിച്ച് 56 കിലോമീറ്റര്‍ പൈപ്പ്ലൈനുകള്‍ കൂടി സ്ഥാപിക്കും. തേക്കടിയില്‍നിന്ന് അമരാവതിയിലെ ശുചീകരണ പ്ളാന്‍റില്‍ എത്തുന്ന ജലം ജനുവരി ഒന്നുമുതല്‍ നാട്ടുകാര്‍ക്ക് എത്തിക്കാനാണ് അധികൃതരുടെ ശ്രമം. 47.5 ലക്ഷം ലിറ്റര്‍ ജലം ശുചീകരിക്കുന്ന വിപുലമായ സംവിധാനവും ഒരുക്കും. ശരാശരി ഒരു കുടുംബത്തിന് 70 ലിറ്റര്‍ ജലം എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ശബരിമല തീര്‍ഥാടനകാലം കൂടി കണക്കിലെടുത്ത് നിര്‍മാണജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശുചീകരണ പ്ളാന്‍റില്‍ മോട്ടോറുകളും തേക്കടിയിലെ പമ്പുഹൗസില്‍ ഹൈവോള്‍ട്ടേജ് കേബ്ളും സ്ഥാപിക്കുന്ന ജോലി കൂടിയാണ് ഇനി ബാക്കിയുള്ളതെന്ന് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അരുണ്‍ മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.