ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

തൊടുപുഴ: ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ പിടിയിലായി. തൊടുപുഴയില്‍ സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയതിനെ തുടര്‍ന്ന് സി.എസ്.ഡി.എസ് പ്രവര്‍ത്തകര്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കി. കട്ടപ്പന കാഞ്ചിയാര്‍ പഞ്ചായത്തില്‍ ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തുനിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ഗ്രാമപ്രദേശങ്ങളില്‍ പൂര്‍ണമായും നഗരങ്ങളില്‍ ഭാഗികമായും കടകമ്പോളങ്ങള്‍ തുറന്നെങ്കിലും വാഹന ഗതാഗതം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഓഫിസുകളിലും ബാങ്കുകളിലും ഹാജര്‍നില കുറവായിരുന്നു. രാവിലെ എഴിന് തൊടുപുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തുകയും തുറന്ന കടകള്‍ അടപ്പിക്കുകയും ചെയ്തു. തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ കടകള്‍ തുറക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നിരവധി സംഘടന പ്രവര്‍ത്തകര്‍ തൊടുപുഴ ബസ്സ്റ്റാന്‍ഡില്‍ തമ്പടിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി. ഒടുവില്‍ 11.30ഓടെ ഇവര്‍ പിരിഞ്ഞു. ഇതിനിടെ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ ഓണോത്സവ് പരിപാടി നടക്കുന്ന മേഖലയിലെ കടകള്‍ തുറക്കാനുള്ള ശ്രമം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി. പിന്നീട് അസോസിയേഷനും ഹര്‍ത്താല്‍ അനുകൂലികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കടകള്‍ തുറന്നത്. ആദ്യം തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റിന്‍െറ കട തുറന്ന ശേഷം മൈക്കില്‍കൂടി അറിയിപ്പ് നല്‍കി നഗരത്തിലെ മറ്റ് കടകള്‍ തുറന്നു. തൊടുപുഴയില്‍ സര്‍വിസ് നടത്തിയ സ്വകാര്യബസിനുനേരെ കല്ളേറുണ്ടായതിനെ തുടര്‍ന്ന് സര്‍വിസുകള്‍ പൂര്‍ണമായി നിര്‍ത്തി. കെ.എസ്.ആര്‍.ടി.സി ചില ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തിയെങ്കിലും തൊടുപുഴയുടെ വിവിധ മേഖലകളില്‍ ബസുകള്‍ തടഞ്ഞു. വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്കത്തെി. ഫാക്ടറികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. നെടുങ്കണ്ടം മേഖലയില്‍ പൂര്‍ണമായിരുന്നു. കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറിയതോതില്‍ കൈയാങ്കളി നടന്നു. ചില സ്വകാര്യ വാഹനങ്ങളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഓടി. പൂപ്പാറയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തോട്ടം തൊഴിലാളികളുടെ വാഹനങ്ങള്‍ തടഞ്ഞു. കുമളിയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തേക്കടിയില്‍ ബോട്ട് സവാരി മുടങ്ങിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.