മുട്ടത്ത് ജില്ല കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ ഒളികാമറ

മുട്ടം (ഇടുക്കി): തൊടുപുഴക്ക് സമീപം മുട്ടത്ത് ജില്ല കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ ഒളികാമറ കണ്ടത്തെി. ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് താഴെ ഗ്രൗണ്ട് ഫ്ളോറില്‍ ജീവനക്കാരും അഭിഭാഷകരുമുള്‍പ്പെടെ ഉപയോഗിക്കുന്ന പൊതുശൗചാലയത്തിലാണ് കാമറ കണ്ടത്തെിയത്. ഉപയോഗശൂന്യമായ ഫ്ളഷ്ടാങ്കിന് മുകളില്‍ സ്ഥാപിച്ചിരുന്ന കാമറ ചൊവ്വാഴ്ച ഉച്ചയോടെ കോടതി ജീവനക്കാരിയാണ് ആദ്യം കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സദാ തുറന്നുകിടക്കുന്ന രണ്ട് ശൗചാലയങ്ങളില്‍ ഒന്നില്‍ കട്ടിയുള്ള സ്റ്റീല്‍ സ്കെയിലില്‍ റബര്‍ ബാന്‍ഡ് ഉപയോഗിച്ച് കെട്ടിയശേഷം തോര്‍ത്തില്‍ പൊതിഞ്ഞ നിലയിലാണ് കാമറ സ്ഥാപിച്ചിരുന്നത്. ഫ്ളഷ്ടാങ്കിന് മുകളില്‍ തോര്‍ത്ത് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കാമറ ശ്രദ്ധയില്‍പെട്ടത്. ജീവനക്കാരി ഉടന്‍ സഹപ്രവര്‍ത്തകരെയും തുടര്‍ന്ന് മുട്ടം പൊലീസിനെയും വിവരം അറിയിച്ചു. എസ്.ഐ എസ്. ഷൈന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി കാമറ കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍നിന്ന് വിരലടയാള വിദഗ്ധരും സൈബര്‍ സെല്ല് ഉദ്യോഗസ്ഥരുമത്തെി തെളിവെടുത്തു. എട്ട് സെ.മീ. നീളവും ഉയര്‍ന്ന നിലവാരവുമുള്ള ഹൈ ഡെഫനിഷന്‍ കാമറയാണ് സ്ഥാപിച്ചിരുന്നത്. വിദഗ്ധ പരിശോധനക്ക് കാമറ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണത്തിന് പുറമെ കോടതി സ്വന്തംനിലയിലും അന്വേഷിക്കുന്നുണ്ട്. കാമറയില്‍നിന്ന് വിരലടയാളം ലഭിച്ചതായാണ് സൂചന. ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, എന്‍.ഡി.പി.എസ് കോടതി, ജില്ല കോടതി, അഡ്ഹോക് കോടതി തുടങ്ങി പത്തിലധികം കോടതികളാണ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.