സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് നാളെ തുടക്കം

അടിമാലി: സംസ്ഥാന സി.ബി.എസ്.ഇ സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ളിക് സ്കൂളില്‍ തുടക്കമാകും. വൈകീട്ട് നാലിന് പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നടന്‍ സായികുമാര്‍ മുഖ്യാതിഥിയാകും. ഈ മാസം 20 വരെ 21വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ ആയിരത്തിമുന്നൂറോളം സ്കൂളുകളിലെ 8000ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കലോത്സവ കണ്‍വീനറും വിശ്വദീപ്തി സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ടോമി നമ്പ്യാപറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരങ്ങള്‍ വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി.എം. ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിക്കും. 145 ഇനങ്ങളില്‍ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സി.ബി.എസ്.ഇ സ്കൂള്‍സ് മാനേജ്മെന്‍റ് അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ളക്സസും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ആദ്യദിനമായ 17ന് ദഫ്മുട്ട്, ഏകാങ്ക നാടകം, പാശ്ചാത്യസംഗീതം, ഭരതനാട്യം, നാടോടിനൃത്തം, സമൂഹസംഗീതം, മോഹിനിയാട്ടം, പ്രസംഗ മത്സരം, പദ്യപാരായണം, കഥയെഴുത്ത്, ചിത്രരചന, കാര്‍ട്ടൂണ്‍, ഉപന്യാസം, പോസ്റ്റര്‍ ഡിസൈനിങ്, കൊളാഷ്, ഡിജിറ്റല്‍ പെയിന്‍റിങ്, പവര്‍ പോയന്‍റ് പ്രസന്‍േറഷന്‍ തുടങ്ങിയ മത്സരങ്ങള്‍.18ന് മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിര, ഭരതനാട്യം, മാര്‍ഗംകളി, പദ്യപാരായണം, ലളിതഗാനം, മിമിക്രി, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, വയലിന്‍, ഗിത്താര്‍, മൃദംഗം. 19ന് മാര്‍ഗംകളി, കഥകളി, ദഫ്മുട്ട്, കുച്ചിപ്പുടി, ഒപ്പന, നാടോടിനൃത്തം, മോണോആക്ട്, ആങ്കറിങ്, ബാന്‍ഡ് ഡിസ്പ്ളേ. 20ന് മൈം, നാടോടിനൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടന്തുള്ളല്‍, മോണോആക്ട്, ലളിതഗാനം, ശാസ്ത്രീയസംഗീതം, തബല, ഫ്ളൂട്ട്. 20ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.