രാജകുമാരി (ഇടുക്കി): സിനിമ നിര്‍മാണത്തിന്‍െറയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെയും മറവില്‍ മൂന്നു കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മുല്ലക്കാനം പുതുപ്പള്ളിയില്‍ ജില്‍ജോ മാത്യുവിനെയാണ് (37) പാഞ്ചാലിമേട്ടിലെ സിനിമ ലൊക്കേഷനില്‍നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഒരു വര്‍ഷത്തിനിടെ 30 പേരില്‍നിന്നായി മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കബളിപ്പിക്കപ്പെട്ട 19 പേര്‍ ചേര്‍ന്ന് രാജാക്കാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സിനിമ താരങ്ങളോടും പിന്നണിഗായകരോടുമൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് സിനിമ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി പണം തട്ടിയെടുത്തത്. വിശ്വാസ്യതക്കായി ഭാര്യയുടെ പേരിലെ തിരിച്ചറിയല്‍ രേഖകളും മുദ്രപ്പത്രവും ചെക്കും നല്‍കും. അര്‍ബുദ രോഗിയായ രാജാക്കാട് വെള്ളാപ്പിള്ളില്‍ അനൂപ് ചികിത്സക്കായി ഭൂമി വിറ്റ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 20 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. അനൂപില്‍നിന്ന് കടമായി വാങ്ങിയ തുകക്ക് പകരം ബ്ളാങ്ക് ചെക്ക് നല്‍കിയിരുന്നു. പണം തിരികെ ലഭിക്കാതെ വന്നതോടെ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങി. കട്ടപ്പന സ്വദേശിയില്‍നിന്ന് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയുടെ ഓഹരി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 13 ലക്ഷം രൂപ തട്ടിയെടുത്തു. അടിമാലി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഭൂമി നല്‍കാമെന്ന് പറഞ്ഞും പലരില്‍നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.