പ്ളാസ്റ്റിക് നീക്കം പ്രഹസനം: വനമേഖല നിറയെ മാലിന്യം

കുമളി: പ്ളാസ്റ്റിക് മാലിന്യം കാടിനും പരിസ്ഥിതിക്കും വരുത്തുന്ന ദോഷങ്ങള്‍ക്കെതിരെ സെമിനാറുകളും ബോധവത്കരണവും വനംവകുപ്പ് തുടരുമ്പോഴും വന്യജീവി സങ്കേതത്തിലെ ടൂറിസം മേഖല പ്ളാസ്റ്റിക് മാലിന്യങ്ങളാല്‍ നിറയുന്നു. പെരിയാര്‍ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിന് കീഴിലാണ് പ്ളാസ്റ്റിക് മാലിന്യനീക്കം കടലാസില്‍ ഒതുങ്ങിയത്. പ്ളാസ്റ്റിക് മാലിന്യം നീക്കാന്‍ പ്രത്യേകം ജീവനക്കാരും വാഹനവും ഉണ്ടെങ്കിലും ഫലവത്തല്ല. തേക്കടി ചെക്ക്പോസ്റ്റ് മുതല്‍ ബോട്ട് ലാന്‍ഡിങ് വരെയുള്ള ടൂറിസം മേഖലയില്‍ മിക്കഭാഗത്തും വനപ്രദേശത്ത് പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. മാലിന്യം നീക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ പലരും ഉന്നത വനപാലകരുടെ ആശ്രിതരായി ഉദ്യോഗസ്ഥ ക്വാര്‍ട്ടേഴ്സില്‍ ജോലിചെയ്യുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തേക്കടി തടാകതീരത്തും കനാലിന് സമീപവും മൃഗങ്ങള്‍ തീറ്റതേടി ഇറങ്ങുന്ന പുല്‍വയലുകളിലുമെല്ലാം പ്ളാസ്റ്റിക് കുപ്പികള്‍, മദ്യത്തിന്‍െറ ഒഴിഞ്ഞ കുപ്പികള്‍, പ്ളാസ്റ്റിക് കിറ്റുകള്‍ എന്നിവ ധാരാളമുണ്ട്. പന്നി, മ്ളാവ്, കേഴ, ആന ഉള്‍പ്പെടെ ജീവികള്‍ തീറ്റകള്‍ക്കൊപ്പം പ്ളാസ്റ്റിക് ഭക്ഷിച്ച് ചത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നത് സങ്കേതത്തിന്‍െറ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്നു. പ്ളാസ്റ്റിക് കുപ്പി ഉള്‍പ്പെടെ മാലിന്യം കുന്നുകൂടിയതിന് പുറമെ ബോട്ടുകളിലെ ഉപയോഗശൂന്യമായ ലൈഫ് ജാക്കറ്റുകള്‍, ബോയകള്‍, മറ്റ് സാധനങ്ങള്‍ എന്നിവയെല്ലാം വനമേഖലയിലാണ് ഉപേക്ഷിക്കുന്നത്. പ്ളാസ്റ്റിക് ബോധവത്കരണത്തിന്‍െറ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി സെമിനാറുകളും ക്ളാസുകളും സംഘടിപ്പിക്കുന്ന വനപാലകര്‍, കാട് സംരക്ഷണത്തില്‍ തുടരുന്ന അനാസ്ഥയുടെ തെളിവാണ് വനമേഖലയില്‍ മാസങ്ങളായി കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യം. റോഡരികിലും വനത്തിനുള്ളിലും നിരന്ന പ്ളാസ്റ്റിക്കുകള്‍ മഴക്കാലമാകുന്നതോടെ വെള്ളത്തിലൊഴുകി തടാകത്തിലും ഉള്‍പ്രദേശങ്ങളിലുമത്തെും. റോഡിന് സമാന്തരമായി നിര്‍മിച്ച കിടങ്ങുകളിലെ പ്ളാസ്റ്റിക് മാലിന്യം കാടുകയറി മൂടിയ നിലയിലാണ്. വിനോദസഞ്ചാര മേഖല വഴി വനംവകുപ്പിന് കോടികള്‍ വരുമാനം ലഭിച്ചിട്ടും സഞ്ചാരികള്‍ ഉപേക്ഷിച്ചുപോകുന്ന പ്ളാസ്റ്റിക് മാലിന്യം നീക്കാന്‍ കഴിയാത്തത് വനപാലകരുടെ അനാസ്ഥ മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.