എസ്.ഐ മോഹനന്‍ ഇനി കാക്കിയില്ലാതെ നാട്ടുകാര്‍ക്കിടയിലേക്ക്

രാജാക്കാട്: തിരക്കേറിയ പൊലീസ് ജീവിതത്തിലും അറിവിന്‍െറ വെളിച്ചം പകര്‍ന്ന് കുട്ടികളുടെ കൂട്ടുകാരനായി മാറിയ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ജില്ലാ നോഡല്‍ ഓഫിസര്‍ എസ്.ഐ കെ.ജി. മോഹനന്‍ ഒൗദ്യോഗിക ജീവിതത്തിന്‍െറ പടിയിറങ്ങുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യംവെച്ച് ഇദ്ദേഹം പുറത്തിറക്കിയ ‘തൈമരങ്ങള്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. നീണ്ട 33 വര്‍ഷത്തെ സേവനത്തിനുശേഷം വരുന്ന മാസം അദ്ദേഹം കാക്കിക്കുള്ളില്‍നിന്ന് വിടപറയുകയാണ്. കൊന്നത്തടി പഞ്ചായത്തില്‍ മുനിയറ കാറ്റുവെട്ടിയേല്‍ ഗോപാലന്‍-മാധവി ദമ്പതികളുടെ മകനായ ഇദ്ദേഹം 1983ല്‍ പൊലീസ് സേനയില്‍ ചേര്‍ന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തിനും വായനക്കുമൊപ്പം വിവിധ സ്കൂളുകളിലും മറ്റും ക്ളാസുകള്‍ എടുക്കുന്നതിനും സമയം കണ്ടത്തെി. 5000ത്തില്‍ അധികം ക്ളാസുകള്‍ എടുത്തു. തുടര്‍ന്ന് എസ്.പി.സിയുടെ ചുമതലയില്‍ എത്തിയതോടെ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനുമായി. 2016 മാര്‍ച്ചില്‍ പുറത്തിറക്കിയ പുസ്തകത്തിന് രണ്ടു മാസത്തിനുള്ളില്‍ മൂന്നാം പതിപ്പായി. പിതാവിനൊപ്പം കാര്‍ഷിക മേഖലയിലും സജീവമായി നിന്ന അദ്ദേഹത്തിന്‍െറ കൃഷിയിടത്തില്‍ വാഴയും മറ്റ് പച്ചക്കറി കൃഷികളും കുരുമുളകും കൊക്കോയും കാപ്പിയും സമൃദ്ധമായി വിളയുന്നുണ്ട്. ഭാര്യ സുശീലയും മക്കളായ അഖിലേഷ്, പ്രീയജ, ജ്യോതിപ്രതിഭ എന്നിവരും സഹായത്തിന് കൂടെയുണ്ട്. അഖിലേഷും ജ്യോതിപ്രതിഭയും വരയില്‍ പ്രാവീണ്യം തെളിയിച്ചപ്പോള്‍ പ്രീയജ എഴുത്തില്‍ സജീവമായി. പ്രീയജയുടെ രചനകള്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച് വന്നു. ജൂണില്‍ ഒൗദ്യോഗിക ജീവിതത്തോട് വിട പറയേണ്ടി വരുമ്പോഴും മോഹനന് ഇനി വിഷമമില്ല. എഴുത്തും കൃഷിയും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് അദ്ദേഹത്തിന് അറിയാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.