ജില്ലയില്‍ വൈദ്യുതി മുടക്കം പതിവ്; ജനം വലയുന്നു

അടിമാലി: വൈദ്യുതി മുടക്കം പതിവായതോടെ ജനങ്ങള്‍ വലയുന്നു. പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതെ അധികൃതര്‍ വട്ടം ചുറ്റിക്കുന്നതായി നാട്ടുകാര്‍. ഒരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറില്‍ പത്തും പതിനഞ്ചും പ്രാവശ്യമാണ് വൈദ്യുതി നിലക്കുന്നത്. അടിമാലി, ചിത്തിരപുരം, കമ്പിളികണ്ടം, രാജാക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളിലാണ് വ്യാപകമായ പരാതികള്‍ ഉയരുന്നത്. മാനം കറുത്താല്‍ വൈദ്യുതി മുടങ്ങുന്ന പ്രവണതയാണ് പലയിടത്തും. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് വട്ടവട, മാങ്കുളം, കാന്തല്ലൂര്‍, ചിന്നക്കനാല്‍ പഞ്ചായത്ത് നിവാസികളാണ്. പരാതിപ്പെട്ടാല്‍പോലും കെ.എസ്.ഇ.ബി അധികൃതര്‍ അനങ്ങാറില്ളെന്ന് നാട്ടുകാര്‍ പറയുന്നു. 11കെ.വിയുടെ അറ്റകുറ്റപ്പണി നടക്കുന്ന ഘട്ടത്തില്‍ പകല്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്‍കൂട്ടി അറിയിക്കാറുണ്ടെങ്കിലും ഇത് പരമാവധി ഉപഭോക്താക്കളെ അറിയിക്കുന്നതില്‍ വൈദ്യുതി വകുപ്പ് വീഴ്ച തുടരുകയാണ്. ചില പത്രങ്ങളില്‍ മാത്രം ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നതൊഴിച്ചാല്‍ ഉപഭോക്താക്കള്‍ മിക്കപ്പോഴും വിവരം അറിയാറുമില്ല. മഴ തുടങ്ങുന്നതിന് മുമ്പ് ടച്ച് വെട്ടല്‍ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. എന്നാല്‍, മഴ തുടങ്ങുമ്പോള്‍ വൈദ്യുതി മുടക്കി ടച്ച് വെട്ടാന്‍ ഇറങ്ങുന്നു. ഇത് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. വൈകുന്നേരവും മഴ കണ്ടാലും കാറ്റ് വീശിയാലും ഉടന്‍ വൈദ്യുതി മുടങ്ങല്‍ പതിവാണ്. ഓഫിസിലേക്ക് വിളിച്ചാല്‍ വിവരമറിയിക്കാനും കഴിയാറില്ല. ഫോണ്‍ ബോധപൂര്‍വം തകരാറിലാക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ എപ്പോള്‍ പുന$സ്ഥാപിക്കുമെന്ന് വ്യക്തമായ മറുപടി കിട്ടാറേയില്ല. ജീവനക്കാരുടെ അപര്യാപ്തതയുണ്ടെന്നാണ് നല്‍കുന്ന വിവരം. വൈദ്യുതി കമ്പി പൊട്ടിവീണ വിവരം അറിയിക്കാന്‍ ഫോണ്‍ചെയ്ത് ഒടുവില്‍ നാട്ടുകാര്‍ അസിസ്റ്റന്‍റ് എന്‍ജിനീയറുടെ സ്വകാര്യ ഫോണ്‍ നമ്പറില്‍ വിവരമറിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതുപോലെ ഫോണ്‍ റിസീവര്‍ മാറ്റിവെക്കുവെന്ന ആക്ഷേപവുമുണ്ട്. വൈദ്യുതി ലഭ്യമാകുമ്പോഴേക്കും പലപ്പോഴും വോള്‍ട്ടേജ് ഉണ്ടാകാറില്ല. ചില ഘട്ടങ്ങളില്‍ വോള്‍ട്ടേജ് കൂടിവന്ന് വയറിങ് നശിക്കുകയും ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടാവുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡിന്‍െറ ഈ അനാസ്ഥക്കെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.