നിയമസഭാ ഫലമറിഞ്ഞു; പി.ടി. പൂങ്കുടി വിടചൊല്ലി

ചെറുതോണി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന്‍െറ പിറ്റേദിവസം ഇടുക്കി നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി. പൂങ്കുടി യാത്രയായി. 436 വോട്ട് കിട്ടിയിരുന്നു. പിന്നാക്ക വിഭാഗത്തിന്‍െറ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ച ഇദ്ദേഹം ഹൈറേഞ്ചിലെ തെരഞ്ഞെടുപ്പുകളില്‍ സജീവസാന്നിധ്യമായിരുന്നു. 1959ല്‍ വിമോചന സമരത്തില്‍ പങ്കെടുക്കുമ്പോള്‍ 19 ആയിരുന്നു പ്രായം. അന്ന് പ്രായപൂര്‍ത്തി വോട്ടവകാശം ആയില്ളെങ്കിലും പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (പി.എസ്.പി) ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പിന്നാക്ക വിഭാഗ ക്രിസ്ത്യന്‍ ഫെഡറേഷന്‍ രൂപവത്കരിച്ചപ്പോള്‍ അതിന്‍െറ പ്രവര്‍ത്തകനായി. ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ഒമ്പതു ദിവസം നിരാഹാര സമരം നടത്തി. 1991ല്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. പി.ടി. തോമസ്, ജോണി പൂമറ്റം എന്നിവരായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. 299 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് പി.ടി. തോമസ് ജയിച്ചു. 1979ല്‍ മരിയാപുരം ഗ്രാമപഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. അന്നത്തെ ആഗ്രഹമായിരുന്നു മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കരിമ്പന്‍ ചപ്പാത്ത്. പലതവണ മന്ത്രി നാരായണക്കുറുപ്പിനെ കണ്ടു, ഒടുവില്‍ അനുമതി വാങ്ങി. കാല്‍നൂറ്റാണ്ടിനുശേഷം ചപ്പാത്തിന്‍െറ സ്ഥാനത്ത് പുതിയ പാലം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊന്നാടയണിയിച്ചു. പഴയ തലമുറയിലെ ഒരു കണ്ണികൂടി ചരിത്രത്തിലേക്ക് മറയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.