ഇടുക്കിയില്‍ പോളിങ് 72.95 ശതമാനം

തൊടുപുഴ: മഴയും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ ഇടുക്കി ബൂത്തിലത്തെിയപ്പോള്‍ പോളിങ് 72.95 ശതമാനം. തെരഞ്ഞെടുപ്പ് കമീഷന്‍െറ ആദ്യ കണക്കുകള്‍ പ്രകാരമാണ് ഇത്. കഴിഞ്ഞതവണ 71.16 ആയിരുന്നു പോളിങ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഒരിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രാമകൃഷ്ണ പെരുമാള്‍ എന്നയാള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത് മങ്ങലേല്‍പ്പിച്ചു. ബോഡിമെട്ട് ചെക്പോസ്റ്റ് വഴി തമിഴ്നാട്ടില്‍ നിന്നുള്ള വോട്ടര്‍മാരെ കയറ്റിയ വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ദേവികുളത്ത് ചിലയിടങ്ങളില്‍ വോട്ടുയന്ത്രം പണിമുടക്കി. പഴയ മൂന്നാറിലെ ഗവ. സ്കൂളിലെ 64ാം നമ്പര്‍ ബൂത്തില്‍ രാവിലെ 19 വോട്ടുകള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ യന്ത്രത്തിന് തകരാര്‍ സംഭവിച്ചതുമൂലമാണ് 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടത്. പള്ളിവാസല്‍, ദേവികുളം എ.എല്‍.പി.എസ് സ്കൂളിലും യന്ത്രത്തിന് തകരാര്‍ സംഭവിച്ചു. അടിമാലിയില്‍ രോഗികള്‍ക്ക് കയറാന്‍ പറ്റാത്തവിധത്തില്‍ ബൂത്ത് ഒരുക്കിയ അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കി. ദേവികുളം അസംബ്ളി നിയോജക മണ്ഡലത്തില്‍ അടിമാലി ഗവ. ഹൈസ്കൂളിലാണ് വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. കുമളിയില്‍ കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് തലക്ക് പരിക്കേറ്റു. കുമളി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം പി. ബിജുവിനാണ് പരിക്കേറ്റത്. തൊടുപുഴക്ക് സമീപം മുട്ടത്ത് വോട്ടുയന്ത്രത്തിലെ തകരാര്‍ മൂലം ഇടുക്കി മണ്ഡലത്തിലെ 125ാം നമ്പര്‍ ബൂത്തായ കുളമാവ് ഗവ. ഹൈസ്കൂളിലെ വോട്ടെടുപ്പ് അര മണിക്കൂര്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് പോളിങ് ഏജന്‍റുമാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് വോട്ടുയന്ത്രം മാറ്റിസ്ഥാപിക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷം മൂലമറ്റത്തുനിന്ന് വോട്ടുയന്ത്രം മാറ്റി സ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.