ജില്ലയില്‍ പേവിഷ ബാധിതര്‍ കൂടുന്നു

തൊടുപുഴ: ജില്ലയില്‍ പേവിഷ ബാധയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 2016 ജനുവരി മുതല്‍ ഇതുവരെ 1174 പേര്‍ പട്ടികടിയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ആര്‍ബോ വൈറസ് വിഭാഗത്തില്‍പെട്ട പേവിഷ അണുക്കള്‍ നാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നതെന്നും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തതിനാല്‍ കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് രോഗം തടയാനുള്ള ഏകമാര്‍ഗമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പേവിഷ ബാധക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വന്യമൃഗങ്ങളുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ ഉമിനീരില്‍ കൂടിയാണ് ഈ രോഗം പകരുന്നത്. അസുഖമുള്ള മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ ഇവ മൂലം അസുഖം പകരാന്‍ സാധ്യതയുണ്ട്. മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവയുണ്ടായാല്‍ പ്രാഥമികശുശ്രൂഷ നല്‍കണം. ടാപ്പ് വെള്ളത്തില്‍ സോപ്പുപയോഗിച്ച് മുറിവ് വൃത്തിയായി കഴുകണം. വെള്ളം ഉണങ്ങിയശേഷം അയഡിന്‍ സൊല്യൂഷന്‍, ഡെറ്റോള്‍, സ്പിരിറ്റ്, ക്ളോര്‍ഹെക്സിഡിന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വൃത്തിയാക്കണം. അതിനുശേഷം വേഗം ഡോക്ടറെ സമീപിക്കണം. മണ്ണ്, മുളക്, ചോക്ക്, പച്ചിലകള്‍, പേസ്റ്റ് തുടങ്ങിയവ ഒരു കാരണവശാലും മുറിവില്‍ പുരട്ടാന്‍ പാടില്ല. മുറിവ് വെറുംകൈയാല്‍ സ്പര്‍ശിക്കരുത്. മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നാലോ മുറിവില്ലാതെയുള്ള തൊലിപ്പുറത്തുള്ള നക്കലിന് വിധേയമായാലോ സമ്പര്‍ക്കത്തില്‍ വന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. രക്തം പൊടിയാത്ത മുറിവുകള്‍ ഉണ്ടായാല്‍ മുറിവ് വൃത്തിയാക്കി പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പ് നാല് ഡോസ് എടുക്കണം. കടിയേറ്റ ദിവസവും മൂന്നാംദിവസവും ഏഴാം ദിവസവും 28ാം ദിവസവും ആണ് കുത്തിവെപ്പ് എടുക്കേണ്ടത്. രക്തം പൊടിയുന്ന തരത്തിലുള്ള മുറിവുകളോ മുറിവുള്ള തൊലിപ്പുറത്തെ നക്കലിന് വിധേയമായാലോ പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പും ഇമ്യൂണോഗ്ളോബുലിന്‍ കുത്തിവെപ്പും എടുക്കണം. വലിയ മുറിവുകളാണെങ്കില്‍ പുറമേ നിന്നുള്ള അണുബാധ ഏല്‍ക്കാതിരിക്കാനുള്ള ടി.ടി ഇന്‍ജക്ഷന്‍, ആന്‍റിബയോട്ടിക്സ് മുതലായ ചികിത്സകളും ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.