ആദിവാസികള്‍ വോട്ട് ബഹിഷ്കരിക്കുന്നു

അടിമാലി: അടിസ്ഥാന സൗകര്യം ഒരുക്കാത്ത ജനപ്രതിനിധികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ വോട്ട് ബഹിഷ്കരിക്കുന്നു. അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡായ കുറത്തികുടി ആദിവാസി കോളനിയിലെ താമസക്കാരാണ് വോട്ട് ബഹിഷ്കരിക്കുന്നത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കുടികാണി സൂര്യന്‍, എസ്.ടി പ്രമോട്ടര്‍ മനുചന്ദ്രന്‍, കുറത്തികുടി ഊരുമൂപ്പന്‍ മായണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. റോഡ്, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ഭവനം തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരിക്കുന്നത്. റോഡ് തന്നെയാണ് കുടിയിലെ മുഖ്യ വിഷയം. കൊച്ചി-മധുര ദേശീയപാതയില്‍ ആറാംമൈലില്‍നിന്നാണ് കുറത്തിക്കുടിയിലേക്കുള്ള പ്രധാന റോഡ്. ഈ റോഡ് സംസ്ഥാന പാതയാക്കി നിര്‍മാണം ആരംഭിച്ചെങ്കിലും വനംവകുപ്പിന്‍െറ എതിര്‍പ്പുമൂലം റോഡ് നിര്‍മാണം തടസ്സപ്പെട്ടു. ഈ റോഡിന്‍െറ പേരില്‍ ഏറെ രാഷ്ട്രീയ കോലാഹലം ഉണ്ടായെങ്കിലും പിന്നീട് സമരത്തിന് നേതൃത്വം നല്‍കിയ ജനപ്രതിനിധിയടക്കം തങ്ങളെ വഞ്ചിച്ചെന്നും സര്‍ക്കാര്‍ അവഗണിച്ചെന്നുമാണ് ആദിവാസികള്‍ പറയുന്നത്. ത്രിതല പഞ്ചായത്തുകള്‍ പലവിധ വികസനങ്ങള്‍ നടത്തിയതായി പറയുന്നുണ്ടെങ്കിലും എല്ലാം രേഖകളില്‍ മാത്രമാണെന്നും ഇരുമുന്നണികളും തങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് 16ന് നടക്കുന്ന വോട്ട് ബഹിഷ്കരിക്കുന്നതെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.