പരസ്യ ബോര്‍ഡുകള്‍ നിറഞ്ഞ് ഹൈറേഞ്ചിന്‍െറ പാതയോരങ്ങള്‍

അടിമാലി: ഹൈറേഞ്ചിലെ റോഡരികുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനധികൃത പരസ്യ ബോര്‍ഡുകള്‍ പെരുകുന്നു. സര്‍ക്കാര്‍ പുറമ്പോക്കുകളിലും സ്വകാര്യ ഭൂമികളിലും കെട്ടിടങ്ങള്‍ക്കു മുകളിലുമായാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ദേശീയപാതക്കരുകില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എന്‍.എച്ച് അധികൃതരില്‍നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ഒട്ടനവധി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമാണ് ഇതിന് അനുമതി നല്‍കേണ്ടത്. മറ്റിടങ്ങളില്‍ പഞ്ചായത്തുമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍, ഇത്തരം നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് പരസ്യ ബോര്‍ഡുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. മൂന്നാറിന് സമീപം പള്ളിവാസല്‍ രണ്ടാം മൈലിലാണ് ടൂറിസ്റ്റ് ഹോമുകളുടെയും റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയുമൊക്കെ റോഡുവക്കില്‍ നിറഞ്ഞിരിക്കുന്ന ബോര്‍ഡുകള്‍. ഇതിനൊന്നും ഒരുവകുപ്പിനും ഒരു നികുതിയും നല്‍കുന്നുമില്ല. റോഡുവക്കിലെ പരസ്യ ബോര്‍ഡുകള്‍ അപകടം വിളിച്ചുവരുത്തുന്നതായി ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു. ടാറിങ് റോഡ് മാത്രമാണ് പരസ്യം വെച്ചിരിക്കുന്നവര്‍ പലയിടങ്ങലിലും ഒഴിവാക്കിയിരിക്കുന്നത്. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ തടസ്സമായ രീതിയിലാണ് പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. വളവുകളിലും മറ്റും എതിര്‍ ദിശയില്‍നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയാത്ത വിധമാണ് ഇവയുടെ നില്‍പ്. ഇതിനൊക്കെ പുറമെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പലപ്പോഴായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും മറ്റും ഉപയോഗശേഷം നീക്കം ചെയ്യാതെ പൊതുജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും കെട്ടിടങ്ങളുടെ മുകളിലും ഇവ സ്ഥാപിക്കുന്നതിനും പെര്‍മിറ്റ് വാങ്ങേണ്ടതുണ്ട്. 1000 മുതല്‍ 10,000 രൂപ വരെയാണ് ഇതിനു അടയ്ക്കേണ്ടത്. എന്നാല്‍, അനധികൃതമായി ഇവ സ്ഥാപിക്കുക വഴി നികുതിയിനത്തില്‍ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.