തൊടുപുഴ പ്രൈവറ്റ് സ്റ്റാന്‍ഡിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു

തൊടുപുഴ: തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അനധികൃത കച്ചവടങ്ങള്‍ നഗരസഭ വീണ്ടും ഒഴിപ്പിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ഓംബുഡ്സ്മാന്‍െറ സിറ്റിങ്ങില്‍ കച്ചവടക്കാരുടെ സ്റ്റേ ഒഴിവാക്കിയ സാഹചര്യത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ തൊടുപുഴ, കരിങ്കുന്നം, കാളിയാര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരോടൊപ്പമാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാന്‍ എത്തിയത്. തുടര്‍ന്ന് കച്ചവടക്കാരോട് കാര്യങ്ങള്‍ പറഞ്ഞതിനുശേഷം സാധനങ്ങള്‍ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളിലേക്ക് എടുത്തുവെക്കാന്‍ തുടങ്ങി. എന്നാല്‍, തങ്ങള്‍ ഒഴിഞ്ഞു പൊയ്ക്കൊള്ളാമെന്നും കച്ചവടസാധനങ്ങള്‍ ബലമായി എടുത്തുകൊണ്ട് പോകരുതെന്നും കച്ചവടക്കാര്‍ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇത് വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നാലു കച്ചവടക്കാരെ ഉന്തുവണ്ടിയുമായി വെളിയിലേക്ക് പോകാന്‍ അനുവദിച്ചു. ഇതിനിടെ ഒരു പെട്ടിക്കടയും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പൊളിച്ച് വണ്ടിയില്‍ കയറ്റി. ബസ് സ്റ്റാന്‍ഡ് കോംപ്ളക്സിലും ഒഴിപ്പിക്കല്‍ നടത്തി. നടപ്പാതയിലും, കാത്തിരിപ്പ് കേന്ദ്രങ്ങളിലും, കോംപ്ളക്സിന്‍െറ ചവിട്ടുപടികളിലും വെച്ചിരുന്ന കച്ചവട സാധനങ്ങളും സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങളും ഒഴിവാക്കി. ഈ സമയം ഉത്തരവ് കാണിച്ചല്ല ഒഴിപ്പിക്കല്‍ നടത്തിയതെന്ന ആരോപണവുമായി കച്ചവടക്കാരത്തെി. തുടര്‍ന്ന് സി.ഐ ഇടപെട്ട് ഇവരെ ഓര്‍ഡര്‍ കാണിച്ചു. കഴിഞ്ഞ മാസം മുനിസിപ്പില്‍ കൗണ്‍സിലിന്‍െറ തീരുമാനത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കച്ചവടക്കാരോട് ഒഴിയണമെന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ പ്രതിഷേധവുമായി രംഗത്തത്തെി. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്‍െറ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. സര്‍വകക്ഷി യോഗത്തിലും ഇവരെ ഒഴിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായി. ഇതിന് ശേഷം കച്ചവടക്കാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. നഗരസഭ ഇതിനെതിരെ അനുകൂല വിധി സമ്പാദിക്കുകയും നഗരസഭാ സ്റ്റാന്‍ഡിലെ കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. പിന്നീട് വ്യാപാരികള്‍ ഓംബുഡ്സ്മാനെ സമീപിച്ചു. ഈ സ്റ്റേ ഒഴിവാക്കിയ സാഹചര്യത്തിലാണ് ചൊവ്വാഴ്ച വന്‍ പൊലീസ് സന്നാഹവുമായത്തെി നഗരസഭ ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.