പൊതുമരാമത്ത് വകുപ്പിന്‍െറ നിസ്സംഗത; മാങ്കുളത്തുകാര്‍ വീണ്ടും സമരത്തിന്

മാങ്കുളം: ഒരു നാടുമുഴുവന്‍ ഇറങ്ങി അസാധാരണ സമരം നടത്തിയിട്ടും യാത്രായോഗ്യമായ റോഡ് ഉണ്ടാവാത്തതിനെതുടര്‍ന്ന് മാങ്കുളംകാര്‍ വീണ്ടും സമരത്തിന്. സമരം നയിച്ച മാങ്കുളം വികസനസമിതി പ്രസിഡന്‍റും പള്ളിവികാരിയുമായ ഫാ. ജോണ്‍ നല്ലൂരിനെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അപമാനിച്ചെന്ന ആരോപണവും ശക്തമായി. റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 27ന് മാങ്കുളം കുരിശുപാറ, കല്ലാര്‍ പ്രദേശങ്ങളിലെ 2000ത്തോളം കര്‍ഷകരും മാങ്കുളത്തെ മുഴുവന്‍ വാഹനങ്ങളുമായി മൂന്നാറിലെ പി.ഡബ്ള്യു.ഡി ഓഫിസ് ഉപരോധിച്ചത്. ജനങ്ങള്‍ പിരിഞ്ഞുപോകാതെ ഭക്ഷണം പാകം ചെയ്ത് തെരുവുവാസ സമരം ആരംഭിച്ചതോടെ കലക്ടരുടെ നിര്‍ദേശപ്രകാരം പ്രശ്നത്തിലിടപെട്ട് ദേവികുളം ആര്‍.ഡി ഒ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയറെ മൂന്നാറില്‍ വിളിച്ചുവരുത്തി സമരക്കാരുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചുമാസത്തിനുമുമ്പ് നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി യാത്രയോഗ്യമാക്കുമെന്നും തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാനാവശ്യമായ ഫണ്ട് ഇക്കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ്. റോഡ് പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിച്ചില്ളെന്നു മാത്രമല്ല അറ്റകുറ്റപ്പണികള്‍ പള്ളിവാസല്‍ സെക്ഷന് കീഴില്‍ മാത്രമായി ഒതുക്കുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളില്‍ മാങ്കുളത്തെ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞില്ളെങ്കില്‍ ഈവര്‍ഷം വാഹനഗതാഗതം തന്നെ നിലക്കും. ഈ വിവരം സമരസമിതി ദേവികുളം ആര്‍.ഡി.ഒയെ അറിയിച്ചു. അദ്ദേഹം പൊതുമരാമത്ത് വകുപ്പിന്‍െറ നിസ്സംഗതയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പി.ഡബ്ളു.ഡി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കത്തുനല്‍കുകയും കത്തിന്‍െറ പകര്‍പ്പ് കലക്ടര്‍ക്ക് നല്‍കുകയും ചെയ്തു. ഇതിനുശേഷം പൊതുമരാമത്ത് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് വൈദികനെ ആക്ഷേപിച്ചതായി വിമര്‍ശമുയര്‍ന്നത്. ഇതാണ് വീണ്ടും സമരത്തിനിറങ്ങാന്‍ സമരസമിതിയെ പ്രേരിപ്പിച്ചത്. മേയ് പത്തിന് നടക്കുന്ന ഓഫിസ് ഉപരോധത്തില്‍ തീരുമാനമാകാതെ വന്നാല്‍ ഇലക്ഷന്‍ ബഹിഷ്കരണമുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.