വോട്ടെടുപ്പ് ദിനത്തില്‍ അതിര്‍ത്തികള്‍ അടച്ച് കര്‍ശന പരിശോധന നടത്തും

തൊടുപുഴ: ജില്ലയിലെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വ്യക്തമാക്കി. വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിരീക്ഷകര്‍. തൊടുപുഴ, ദേവികുളം എന്നീ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ പ്രദീപ് യാദവ് ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് എന്നീ മണ്ഡലങ്ങളിലെ പൊതു നിരീക്ഷകന്‍ ജി.എല്‍. മീന, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ അഭിഷേക് ചൗഹാന്‍, ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കേയൂര്‍ പട്ടേല്‍ പൊലീസ് നിരീക്ഷകന്‍ അരുണ്‍ പ്രതാപ് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര നിരീക്ഷകരെ നേരിട്ടോ ഫോണ്‍ മുഖാന്തരമോ അറിയിക്കാമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. പൊതു, ചെലവ് നിരീക്ഷകരെ രാവിലെ ഒമ്പതുമുതല്‍ പത്തുവരെയും പൊലീസ് ഒബ്സര്‍വറെ പത്തുമുതല്‍ 11വരെയും സ്ഥാനാര്‍ഥികള്‍ക്കോ, പ്രതിനിധികള്‍ക്കോ നിരീക്ഷകരുടെ ക്യാമ്പ് ഓഫിസില്‍ നേരിട്ട് സന്ദര്‍ശിക്കാം. അല്ലാത്ത സമയങ്ങളില്‍ ഫോണിലൂടെയും ബന്ധപ്പെടാം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം നല്‍കിയ അന്നുമുതല്‍ ഫലപ്രഖ്യാപനം വരുന്നതുവരെയുള്ള ദിവസങ്ങളിലെ ചെലവുകളുടെ കണക്കുകള്‍ അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ വഴി നിരീക്ഷകര്‍ക്ക് സമര്‍പ്പിക്കണം. ഇക്കാലയളവില്‍ മൂന്നുതവണകളായിട്ടാണ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ഇടുക്കി, തൊടുപുഴ, പീരുമേട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ആറ്, പത്ത്, 14 എന്നീ തീയതികളിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. കലക്ടറേറ്റിലുള്ള ഡി.ഇ.ഒ.സിയില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്ലില്‍ സമര്‍പ്പിക്കാം. ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ അഞ്ച്, പത്ത്, 14 എന്നീ തീയതികളിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ദേവികുളം ആര്‍.ഡി.ഒ ഓഫിസില്‍വെച്ച് ബന്ധപ്പെട്ട എ.ഇ.ഒമാര്‍ക്ക് കണക്കുകള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വന്തംനിലക്ക് കണക്കാക്കാന്‍ ഓരോ മണ്ഡലത്തിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് നിരീക്ഷകര്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന ചെലവ് കണക്കും ഇതുമായി ഒത്തുനോക്കും. ഒരു സ്ഥാനാര്‍ഥിക്ക് ഒരു ചീഫ് ഇലക്ഷന്‍ ഏജന്‍റ് ഉണ്ടാകണമെന്ന് നിരീക്ഷകര്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളുടെയും ഈ ഏജന്‍റിന്‍െറയും ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയവ റിട്ടേണിങ് ഓഫിസറെ അറിയിച്ചിരിക്കണം. ഫോട്ടോ പതിച്ച വോട്ടര്‍ സ്ളിപുകള്‍ പത്താം തീയതിക്കകം ബൂത്തുലെവല്‍ ഓഫിസര്‍മാര്‍ അതാത് പോളിങ് ഏരിയയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും വിതരണം ചെയ്യുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ഡോ. എ. കൗശിഗന്‍ പറഞ്ഞു. പത്താം തീയതിക്ക് ശേഷം ഇത്തരം സ്ളിപ്പുകള്‍ വിതരണം ചെയ്യരുതെന്ന് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് ഒബ്സര്‍വര്‍ പറഞ്ഞു. വോട്ടെടുപ്പ് ദിനമായ 16 ന് അതിര്‍ത്തികള്‍ അടച്ച് കര്‍ശന പരിശോധനക്ക് ശേഷമെ കടത്തിവിടുകയുള്ളൂ എന്ന് ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് പറഞ്ഞു. യോഗത്തില്‍ വിവിധ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.