തൊടുപുഴ: ഇടുക്കി - ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണത്തിന് സാധ്യത തെളിഞ്ഞെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഇതിന് വനം വകുപ്പ് അനുമതി നല്‍കി ഉത്തരവിറങ്ങിയതായും അദ്ദേഹം പറഞ്ഞു. 1960കളില്‍ ഹൈറേഞ്ച് മേഖലയിലേക്ക് കര്‍ഷകര്‍ കുടിയേറിയത് വനത്തിലൂടെയുള്ള ഈ വഴിയില്‍ കൂടിയായിരുന്നു. കുടിയേറ്റ കര്‍ഷകന്‍െറ സ്മരണ നിലനിര്‍ത്തുന്ന പാത നവീകരിക്കണമെന്നത് പതിറ്റാണ്ടുപഴക്കമുള്ള ആവശ്യമാണ്. വനമേഖലയോടു ചേര്‍ന്ന കൈതപ്പാറ, മക്കുവള്ളി, മനയത്തടം പ്രദേശങ്ങളിലെ നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗവും ഇതാണ്. വാഴത്തോപ്പ്-കഞ്ഞിക്കുഴി പഞ്ചായത്തുകളെ ഉടുമ്പന്നൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗം കൂടിയാണിത്. പൂര്‍ത്തിയാക്കാനാകുന്നതോടെ ഇടുക്കിയില്‍നിന്ന് തൊടുപുഴക്ക് മറ്റൊരു ഗതാഗതമാര്‍ഗം കൂടിയാകും. റോഡിനായി 2014 ല്‍ എം.എല്‍.എ ഒരു കോടിരൂപ നീക്കിവെച്ച് ഭരണാനുമതിക്കായി നല്‍കിയിരുന്നു. എന്നാല്‍, വനത്തിലൂടെയുള്ള നിര്‍മാണത്തിന് അനുമതി നിഷേധിച്ച് തുടര്‍നടപടി തടസ്സപ്പെടുകയായിരുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ തൊടുപുഴ-ഇടുക്കി റോഡില്‍ കലക്ടറേറ്റിന് സമീപം റോഡ് തെന്നിമാറിയതോടെ ജില്ലാ ആസ്ഥാനവും പ്രദേശങ്ങളും ഒറ്റപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ ആസ്ഥാനത്തുനിന്ന് മറ്റൊരു പാതകൂടി തുറക്കേണ്ടതിന്‍െറ ആവശ്യകത ബോധ്യമായി. സമാന്തരപാത നിര്‍മാണത്തിന് അനുമതി നല്‍കുമെന്ന് നിയമസഭയില്‍ മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, 1980ലെ വനസംരക്ഷണ നിയമപ്രകാരം നിര്‍മാണം അനുവദിക്കുന്നതിന് പ്രായോഗികതടസ്സം വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കുകയും പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആഗസ്തി അഴകത്ത്, എ.പി. ഉസ്മാന്‍, കൈതപ്പാറ പള്ളിവികാരി ഫാ. ബിനോയി എന്നിവര്‍ വനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുമതി നല്‍കാന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയായിരുന്നു. എം.എല്‍.എ ഫണ്ടില്‍നിന്ന് നീക്കി വെച്ച ഒരുകോടി രൂപ വനം വികസന ഏജന്‍സിക്ക് കൈമാറാനും വനം വകുപ്പ് മുഖേന നിര്‍മാണം നടപ്പാക്കാനും ഉത്തരവായതായും റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.