വിവിധസര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ നെട്ടോട്ടം: അക്ഷയകേന്ദ്രങ്ങള്‍ നോക്കുകുത്തി

കുമളി: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച അക്ഷയ കേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നു. ആവശ്യത്തിന് ജീവനക്കാരോ നിന്നുതിരിയാന്‍ സ്ഥലമോ ഇല്ലാതെ കുമളിയിലെ കേന്ദ്രങ്ങള്‍ നാട്ടുകാര്‍ക്ക് കഷ്ടപ്പാടുകളാണ് സമ്മാനിക്കുന്നത്. റവന്യൂ വകുപ്പില്‍നിന്ന് ലഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് പ്രധാനമായും അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമീഷന്‍ മുതല്‍ വൈദ്യുതി ബില്‍ വരെ വിവിധ വകുപ്പുകളുടെ സേവനങ്ങളും അക്ഷയവഴി ലഭ്യമാക്കിയിട്ടുണ്ട്. കുമളി ഗ്രാമപഞ്ചായത്തുവക ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടുങ്ങിയ മുറിയാണ് അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിശ്ചിത ഫീസ് വാങ്ങിയാണ് അക്ഷയവഴി നല്‍കുന്നത്. ആകെയുള്ളത് ഒരു ജീവനക്കാരി മാത്രം. അക്ഷയകേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വില്ളേജ് ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് നല്‍കില്ല. വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ മുതല്‍ പ്രവേശപരീക്ഷകള്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ജാലി സംബന്ധമായ ആവശ്യങ്ങള്‍ എന്നിങ്ങനെ ദിനംപ്രതി അക്ഷയ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നൂറുകണക്കിനാളുകളാണ് എത്തുന്നത്. ആവശ്യത്തിന് സ്ഥലസൗകര്യവും ജീവനക്കാരും ഇല്ലാത്ത അക്ഷയ വഴി അപേക്ഷ അയച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പാടുള്ളൂയെന്ന കലക്ടറുടെ നിര്‍ദേശം ജീവനക്കാരെയും വെട്ടിലാക്കി. വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും തിരക്കിനിടയിലാണ് ചികിത്സാ ധനസഹായം പോലുള്ള നിരവധി ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തേടി പാവപ്പെട്ട രോഗികളും ബന്ധുക്കളും അപേക്ഷയുമായി എത്തുന്നത്. ദിവസങ്ങളോളം അക്ഷയകേന്ദ്രത്തിലും വില്ളേജ് ഓഫിസിലും കയറിയിറങ്ങിയാലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കില്ല. മഴ ശക്തമായതോടെ മിക്ക ദിവസങ്ങളിലും വൈദ്യുതി മുടക്കംമൂലം വില്ളേജ് ഓഫിസിലെ കമ്പ്യൂട്ടറുകളും പണിമുടക്കി. ഇതോടെ, ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയകേന്ദ്രത്തിലേക്ക് അയക്കാനും നിര്‍വാഹമില്ല. വൈദ്യുതി മുടക്കത്തിലും സര്‍ട്ടിഫിക്കറ്റിനായി അക്ഷയ-റവന്യൂ ഓഫിസുകളില്‍ നിരവധി തവണയാണ് കയറിയിറങ്ങുന്നത്. ഏറെ പ്രയോജനം ലഭിക്കുന്ന അക്ഷയകേന്ദ്രം കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയും ഗ്രാമപഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.