മുട്ടത്തെ നേര്‍വഴിക്കാക്കാന്‍ അദാലത് കോടതി ഇടപെടല്‍

മുട്ടം: മുട്ടത്തെ പരിഷ്കരിക്കാന്‍ അദാലത് കോടതിയുടെ ഇടപെടല്‍. മുട്ടത്തെ സര്‍വ മേഖലകളിലും സമൂലമായ അഴിച്ചുപണി നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്, ടൗണിലെ പാര്‍ക്കിങ്, ഓട്ടോ പെര്‍മിറ്റ്, മാലിന്യ നിര്‍മാര്‍ജനം എന്നീ കാര്യങ്ങളില്‍ പരിഷ്കാരം വരുത്താനാണ് നിര്‍ദേശം. മുട്ടം സ്വദേശി സി.ജെ. ജോസ് നല്‍കിയ പരാതിയിലാണ് അദാലത്ത് കൊടതി നിര്‍ദേശം പുറപ്പെടുവിച്ചത്. ബസ് സ്റ്റോപ്പുകള്‍ മിക്കതും അശാസ്ത്രീയവും ഗതാഗത തടസ്സവും ഉണ്ടാകുന്നതിനാല്‍ അവ മാറ്റിസ്ഥാപിക്കാന്‍ അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്കുപോകുകയും വരികയും ചെയ്യുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റി ഇറക്കി പോകാനും ഇക്കാര്യങ്ങള്‍ ബസ് ഉടമകളെ അറിയിക്കുന്നതിനുമുള്ള നടപടികളും കൈക്കൊണ്ടു. നിലവിലുള്ള ടൗണിലെ മൂന്ന് ഓട്ടോ സ്റ്റാന്‍ഡുകള്‍ നിലനിര്‍ത്തേണ്ടതും ആവശ്യമെങ്കില്‍ പുതിയ സ്റ്റാന്‍ഡുകള്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ നിലവിലെ മുഴുവന്‍ ഓട്ടോകള്‍ക്കും സ്റ്റാന്‍ഡ് പെര്‍മിറ്റ് നല്‍കാനും ഇനി മുതല്‍ പുതിയവക്ക് രജിസ്ട്രേഷന്‍ ഓണര്‍ മുട്ടം സ്വദേശികളാണെങ്കില്‍ മാത്രം പെര്‍മിറ്റ് നല്‍കാനും അദാലത്ത് കോടതി ഉത്തരവായി. രാവിലെ 8.45 മുതല്‍ 9.45 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെ പഞ്ചായത്തിന്‍െറ മുന്‍വശം മുതല്‍ സ്റ്റാന്‍ഡ് വരെയുള്ള പ്രദേശത്തെ റോഡുവക്കിലെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കാനും അതിനിടയിലുള്ള സമയങ്ങളില്‍ ഒരു വശത്ത് മാത്രം പാര്‍ക്ക് ചെയ്യുന്നതിനും തീരുമാനമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി വ്യവസായി നേതാക്കള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കോടതിയുടെ ഒട്ടുമിക്ക നിര്‍ദേശങ്ങളും നടപ്പാക്കാന്‍ തീരുമാനമായി. ടൗണ്‍ പ്രദേശത്ത് ഫ്ളക്സ് ബോഡുകള്‍ പൂര്‍ണമായും നീക്കംചെയ്യാനുള്ള നിര്‍ദേശം പുന$പരിശോധിച്ച് 6x4 സൈസിലുള്ള ഫ്ളക്സ് ബോഡുകള്‍ സ്ഥാപിക്കുന്നതിന് എതിര്‍പ്പില്ളെന്നും കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഫ്ളക്സ് ബോഡുകള്‍ പൂര്‍ണമായും നീക്കംചെയ്യാനുള്ള നിര്‍ദേശം മാറ്റിയത്. പെരുമറ്റം മുതല്‍ മുട്ടം വരെയുള്ള പ്രദേശത്തെ മാലിന്യം മുഴുവനും നീക്കം ചെയ്യാനും ഈ പ്രദേശങ്ങളില്‍ മാലിന്യ ബോക്സുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. കൂടാതെ മാലിന്യ നിര്‍മാര്‍ജനത്തിന്‍െറ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ യോഗം വിളിക്കാനും കോടതി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുട്ടം എസ്.ഐ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.