തൊടുപുഴ: വരള്‍ച്ചയും കനത്ത മഴയും മൂലം മൂന്നുമാസത്തിനിടെ ജില്ലയിലെ കൃഷിനാശം ഒന്നരക്കോടിക്ക് മുകളില്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ വരള്‍ച്ച മൂലം 1.63 കോടിയുടെയും കാലവര്‍ഷം ശക്തിപ്രാപിച്ച ജൂണ്‍ ഒന്നു മുതല്‍ 15 വരെ 23 ലക്ഷം രൂപയുടെയും നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. മഴമൂലം 37 കര്‍ഷകര്‍ക്ക് 6.54 ഹെക്ടറിലും വരള്‍ച്ചയില്‍ 208 കര്‍ഷകരുടെ 83 ഹെക്ടറിലും കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. പള്ളിവാസല്‍, മാങ്കുളം, അടിമാലി, കുമളി, രാജാക്കാട് എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും. പ്രതികൂല കാലാവസ്ഥയും വിലയിടിവും ഉല്‍പാദനത്തകര്‍ച്ചയും രോഗങ്ങളും മൂലം ജില്ലയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. വാഴ, കൊക്കോ, തേയില, കുരുമുളക് ഏലം കൃഷികളാണ് നശിച്ചവയില്‍ ഏറെയും. വരുംദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പ് കര്‍ഷകരെ കൂടുതല്‍ ആശങ്കയിലാക്കി. ഇതിനിടെ, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന നഷ്ടപരിഹാരം വെട്ടിക്കുറച്ചതും സഹായം നല്‍കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. വിലത്തകര്‍ച്ചയും ഉല്‍പാദന ഇടിവും മൂലം ദുരിതത്തിലായ ജില്ലയിലെ കര്‍ഷകരെയാണ് നടപടി ഏറ്റവും ഗുരുതരമായി ബാധിച്ചത്. തുക കുറഞ്ഞതോടെ കഴിഞ്ഞവര്‍ഷം ജില്ലയിലെ കര്‍ഷകര്‍ക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനായിട്ടില്ളെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉഷാകുമാരി പറഞ്ഞു. പിന്നീട് സര്‍ക്കാര്‍ ഉത്തരവ് പരിഷ്കരിച്ചെങ്കിലും നഷ്ടം സംഭവിച്ച കാര്‍ഷിക വിളകളില്‍ പലതും ഇവയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ, കൃഷി ഓഫിസുകളില്‍ നഷ്ടപരിഹാര അപേക്ഷകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയായി. പുതുക്കിയ മാനദണ്ഡങ്ങള്‍ കേരളത്തിന്‍െറ സാഹചര്യത്തില്‍ അപ്രായോഗികവും കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതുമാണെന്നുകാണിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര ഫണ്ടിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും കൂടി ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകര്‍ക്ക് ആശ്വാസകരമായ രീതിയില്‍ നഷ്ടപരിഹാരം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിലയിടിവില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് കൃഷികള്‍ ചെയ്തവരും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാങ്ക് വായ്പയെയും ബ്ളേഡ് പലിശക്കാരുടെ സാമ്പത്തിക സഹായത്തെയും ആശ്രയിച്ച് കൃഷിയിറക്കിയവരാണ് കൂടുതല്‍ ദുരിതത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.