ടാങ്കറില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നു

കാഞ്ഞാര്‍: ടാങ്കറില്‍ കൊണ്ടുവന്ന് സെപ്റ്റിക് മാലിന്യം തള്ളുന്നത് പതിവായി. മൂലമറ്റം, മുട്ടം, കാഞ്ഞാര്‍, കരിങ്കുന്നം മേഖലകളിലാണ് മാലിന്യം തള്ളല്‍ വ്യാപകം. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിനുപിന്നില്‍. രണ്ടുമാസത്തിനിടെ നാലാം തവണയാണ് ഈ സംഘം പൊലീസിന്‍െറ പിടിയിലാകുന്നത്. മാലിന്യം തള്ളി മടങ്ങുംവഴി ബുധനാഴ്ച രാവിലെ കോളപ്രയില്‍ വെച്ച് വഴിയാത്രക്കാരനെ വാഹനം ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചതും ആലപ്പുഴ സംഘത്തെയാണ്. ഹെല്‍മറ്റ് വേട്ട നടത്തുന്ന പൊലീസ് ടാങ്കര്‍ ലോറികള്‍ കാണുമ്പോള്‍ പരിശോധിക്കാറില്ളെന്നാണ് ആക്ഷേപം. കരിമണ്ണൂര്‍, കുളമാവ്, കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനുകളും പാറമട, കുരുതിക്കളം ചെക്പോസ്റ്റുകളും കടന്നാണ് ബുധനാഴ്ച മാലിന്യവണ്ടി പെരിങ്ങാശേരിയില്‍ എത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലാംതവണയാണ് സംഘം വാഹനമടക്കം പൊലീസ് പിടിയിലാവുന്നത്. ഇതിന്‍െറ പേരില്‍ കാഞ്ഞാര്‍, കരിങ്കുന്നം, കരിമണ്ണൂര്‍, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകളുമുണ്ട്. ഓരോ പ്രാവശ്യവും വെവ്വേറെ വാഹനങ്ങളാണ് സംഘം ഉപയോഗിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് മാലിന്യം തള്ളി രക്ഷപ്പെട്ട വാഹനം ആലപ്പുഴയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മടങ്ങിവരുംവഴിയും തൊടുപുഴയില്‍ വെച്ച് അപകടമുണ്ടാക്കിയിരുന്നു. കനത്ത തുക ഈടാക്കി സെപ്ടിക് ടാങ്ക് മാലിന്യം നീക്കുന്നവരാണിവര്‍. ജൈവവളം, ബയോഗ്യാസ് എന്നിവക്കായി മാലിന്യം ശേഖരിക്കുന്നതായി കാണിച്ച് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കും. ഇതില്‍ വിളിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും രാത്രി എത്തുന്ന സംഘം വന്‍തുക ഈടാക്കിയ ശേഷം ടാങ്കര്‍ ലോറിയില്‍ മാലിന്യം ശേഖരിക്കും. ഇതിനുശേഷം ഏതാനും കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളി കടന്നുപോവുകയാണ് ഇവരുടെ രീതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.