വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ദുരിതയാത്ര: ഒൗദാര്യമല്ല, യാത്രാസൗജന്യം

തൊടുപുഴ/അടിമാലി: ജീവനക്കാര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ദുരിതയാത്ര. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കിളവ് ഒൗദാര്യമെന്ന രീതിയിലാണ് പല ജീവനക്കാരുടെയും പെരുമാറ്റം. ഇതേച്ചൊല്ലി ജില്ലയുടെ പലഭാഗങ്ങളിലും വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി. പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ മുന്നിലും എത്തിയിട്ടുണ്ട്. തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിദ്യാര്‍ഥികളെ സ്വകാര്യ ബസുകളില്‍ കയറ്റുന്നില്ളെന്ന പരാതി വ്യാപകമാണ്. സ്കൂള്‍ വിടുമ്പോള്‍ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയാറാവുന്നില്ളെന്നാണ് പ്രധാന ആക്ഷേപം. ചില ബസുകാര്‍ മറ്റു യാത്രക്കാരെ കയറ്റിയശേഷം പേരിനുമാത്രം വിദ്യാര്‍ഥികളെ കയറ്റിപ്പോവുകയാണ്. സ്കൂള്‍ സമയങ്ങളില്‍ സ്റ്റോപ്പുകളില്‍ പൊലീസിന്‍െറ സേവനം കാര്യക്ഷമമല്ലാത്തതാണ് സ്വകാര്യ ബസുകാരുടെ നിയമലംഘനം പതിവാകാന്‍ കാരണം. വിദ്യാര്‍ഥികളെ കയറ്റാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് ബസ് തടഞ്ഞ സംഭവങ്ങളും ഉണ്ടായെങ്കിലും ജീവനക്കാര്‍ ഗൗനിക്കാറില്ല. നിയമലംഘനത്തോട് അധികൃതരുടെ മൃദുസമീപനം ജീവനക്കാര്‍ക്ക് അഴിഞ്ഞാടാന്‍ സഹായമാകുന്നു. വിദ്യാര്‍ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ മത്സരിച്ചോടി അപകടങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്. കണ്‍സെഷന്‍ നല്‍കുന്നതിലും ബസുകളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതും കൂടുതല്‍ പണം വാങ്ങിയതും സംബന്ധിച്ച് പരാതികള്‍ ലഭിച്ചതായും നടപടി സ്വീകരിച്ചതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രാ നിരക്കിലെ ഇളവു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സമീപനമാണ് ബസ് ജീവനക്കാരുടേത് എന്നാണ് ഹൈറേഞ്ച് മേഖലയില്‍നിന്നുള്ള പരാതി. മറ്റു യാത്രക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കുമുണ്ടെങ്കിലും പലരും അത് വകവെച്ചുകൊടുക്കില്ല. നിയമം പാലിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കാനോ നടപടിയെടുക്കാനോ അധികൃതരും മടിക്കുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിളവ് മൂലമുള്ള നഷ്ടം നികത്തുന്ന വിധത്തിലാണ് ബസ് യാത്രാനിരക്ക് നിശ്ചയിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിനെ ബസ് ജീവനക്കാരുടെയോ ഉടമയുടെയോ ഒൗദാര്യമായി പരിഗണിക്കാനാവില്ളെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. അരമണിക്കൂര്‍ ഇടവിട്ടുമാത്രം ബസുള്ള റൂട്ടിലാണ് വിദ്യാര്‍ഥികള്‍ ഏറെ വിഷമിക്കുന്നത്. ഒരു ബസില്‍ അഞ്ചോ പത്തോ വിദ്യാര്‍ഥികളെ കയറ്റിയാല്‍ ബാക്കിയുള്ളവര്‍ അടുത്ത ബസിനായി ദീര്‍ഘനേരം കാത്തിരിക്കണം. ബസില്‍ കയറിപ്പറ്റാനും വിദ്യാര്‍ഥികള്‍ സ്റ്റാന്‍ഡില്‍ ഏറെ അഭ്യാസം നടത്തിയേ പറ്റൂ. പൊലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും ഇല്ളെങ്കിലും എത്രപേരെ കയറ്റണമെന്ന് ക്ളീനര്‍മാര്‍ തീരുമാനിക്കും. പത്തില്‍ കൂടിയാല്‍ ബസില്‍ ഇടമില്ല. ഏതാനും കുട്ടികള്‍ കയറുന്നതോടെ വാതില്‍ പകുതി അടച്ചിട്ടുണ്ടാകും. ശേഷിക്കുന്നവര്‍ വാതിലില്‍ പിടിച്ചുതൂങ്ങണം. ഇതോടെ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടലാകും. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും കാര്യക്ഷമമായി ഇടപെടാത്തതാണ് തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.