ഇല്ലായ്മകളുടെ നടുവില്‍ നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഡിപ്പോ

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍ററും ഗാരേജും പ്രവര്‍ത്തിക്കുന്നത് ഇല്ലായ്മകളുടെ നടുവില്‍. ടോയ്ലറ്റ്, താമസ സൗകര്യം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് ഓപറേറ്റിങ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സെന്‍ററിലും ഗാരേജിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് ജീവനക്കാര്‍ക്ക് വിനയായി. നെടുങ്കണ്ടം കിഴക്കേകവല സ്റ്റേഡിയത്തിന് സമീപം ഓപറേറ്റിങ് സെന്‍ററും ബസ് പാര്‍ക്കിങ് ഏരിയയും മിനി ബസ് സ്റ്റാന്‍ഡില്‍ ഗാരേജ് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. വൈദ്യുതി കണക്ഷന്‍ എടുത്തുനല്‍കാത്തതിനാല്‍ സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് താലക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് നേരിട്ട് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ബില്‍ തുക ജീവനക്കാര്‍ സ്വന്തം കൈയില്‍നിന്ന് മുടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഓഫിസ് മുറിയിലും ഗാരേജിലും താല്‍ക്കാലിക സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തനം. എന്നാല്‍, ഗാരേജില്‍ പല ഉപകരണങ്ങളും നിലവിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. ടയറുകളില്‍ കാറ്റ് നിറക്കാന്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയശേഷം കംപ്രസര്‍ പ്രവര്‍ത്തിപ്പിക്കുകയാണ്. ഓഫിസ് മുറിയിലും ഗാരേജിലും സ്പോണ്‍സറിങ് കമ്മിറ്റി വയറിങ് ജോലി ചെയ്ത് നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാമപഞ്ചായത്തുവക കെട്ടിടത്തിലാണ്. പഞ്ചായത്ത് അധികൃതരില്‍നിന്ന് മതിയായ രേഖകള്‍ വാങ്ങി വൈദ്യുതി ബോര്‍ഡിന് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകാത്തതാണ് വൈദ്യുതി ലഭിക്കാന്‍ തടസ്സമെന്ന് പറയപ്പെടുന്നു. രാത്രിയില്‍ മാത്രം ഇവിടെ തങ്ങുന്നത് 30ഓളം ജീവനക്കാരാണ്. ഇവര്‍ക്ക് ആകെയുള്ളത് ഒരു ടോയ്ലറ്റ് മാത്രമാണ്. കട്ടപ്പന ഡിപ്പോയുടെ കീഴില്‍ നെടുങ്കണ്ടത്തേക്ക് സര്‍വിസ് നടത്തുന്ന 11ഓളം ബസുകള്‍ ഇവിടേക്ക് മാറ്റാനും നടപടിയായില്ല. നിലവില്‍ ഈ ബസുകള്‍ നെടുങ്കണ്ടത്തത്തെി സര്‍വിസ് അവസാനിപ്പിച്ചശേഷം തിരികെ കട്ടപ്പനയിലേക്ക് യാത്രക്കാരില്ലാതെ മടങ്ങുകയും സര്‍വിസ് ആരംഭിക്കുംമുമ്പ് നെടുങ്കണ്ടത്ത് എത്തുകയുമാണ്. ദിനേന ഓരോ ബസും 15 കിലോമീറ്ററിലധികം കൂടുതലായി സഞ്ചരിക്കുകയാണ്. കൂടുതല്‍ സര്‍വിസുകള്‍ ലാഭകരമായി നടത്താനാകുന്ന സാഹചര്യമാണ് നെടുങ്കണ്ടത്തുള്ളത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാല്‍ ദീര്‍ഘദൂര സംസ്ഥാനാന്തര സര്‍വിസുകളുടെ കേന്ദ്രമാക്കി നെടുങ്കണ്ടത്തെ മാറ്റാനാകും. ചെമ്പകക്കുഴിയില്‍ വകുപ്പിന് വിട്ടുകിട്ടിയ സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയതല്ലാതെ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.