മരങ്ങള്‍ കടപുഴകുന്നു; ഭീതിയോടെ ജനം

അടിമാലി/ നെടുങ്കണ്ടം: മഴ കനത്തതോടെ ജില്ലയില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ മരങ്ങള്‍ കടപുഴകുന്നത് വ്യാപകം. ശനി, ഞായര്‍ ദിവസങ്ങളില്‍ വീശിയടിച്ച കാറ്റിലും മഴയിലും നൂറുകണക്കിന് മരങ്ങളാണ് മറിഞ്ഞത്. കുരിശുപാറയില്‍ മരം വീണ് തൊഴിലാളി മരിക്കുകയും ചെയ്തു. ജില്ലയില്‍ ഇന്നലെ മാത്രം നൂറോളം സ്ഥലങ്ങളിലാണ് മരം വീണത്. നെടുങ്കണ്ടം മേഖലയില്‍ രണ്ടാഴ്ചക്കിടെ നിരവധി മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. തേക്കടി- മൂന്നാര്‍ സംസ്ഥാന പാതയില്‍ കല്‍ക്കൂന്തലിനടുത്ത് കരടിവളവില്‍ ശനിയാഴ്ച രാത്രി മരം കടപുഴകി കെട്ടിടം തകര്‍ന്നു. ആള്‍ത്താമസം ഇല്ലാഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. മൂവാറ്റുപുഴ സ്വദേശിയുടേതാണ് കെട്ടിടം. വെള്ളിയാഴ്ച രാത്രി പൂപ്പാറയില്‍ കൂറ്റന്‍ മരം റോഡില്‍ വീണു. നെടുങ്കണ്ടം, കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍നിന്നത്തെിയ അഗ്നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ കഠിനയത്നം നടത്തിയാണ് മരം മുറിച്ചുനീക്കിയത്. ജില്ലയിലെ വഴിയോരങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ട് ഒരുവര്‍ഷമായിട്ടും നടപടിയില്ല. തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയോരത്താണ് ഇവയില്‍ ഏറെയും. നെടുങ്കണ്ടം-ശാന്തന്‍പാറ റൂട്ടില്‍ നിരവധി മരങ്ങള്‍ റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്നുണ്ട്. കലക്ടറുടെ ഉത്തരവിനത്തെുടര്‍ന്ന് മരം മുറിച്ചുമാറ്റാന്‍ എത്തിയവര്‍ ഇതിന്‍െറ മറവില്‍ മരം മുറിച്ചു വിറ്റതല്ലാതെ അപകടമരങ്ങള്‍ നീക്കിയില്ല. ഏലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്കിറങ്ങാന്‍ പോലും ഭയക്കുകയാണ്. അടിമാലി, മാങ്കുളം, ബൈസണ്‍വാലി, വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലാണ് മഴയും കാറ്റും കൂടുതല്‍ നാശം വിതക്കുന്നത്. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ ദേവികുളം താലൂക്കില്‍ 30 വീടുകള്‍ക്ക് നാശമുണ്ടായി. മണ്ണിടിഞ്ഞ് നാലുവീട് അപകടാവസ്ഥയിലാണ്. കാലവര്‍ഷവുമായി ബന്ധപ്പെട്ട കെടുതികളില്‍ ജില്ലയില്‍ ഇതുവരെ മൂന്നുപേര്‍ മരിച്ചു. കട്ടപ്പന, അടിമാലി മേഖലയിലാണിത്. മറ്റിടങ്ങളില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ല. ഗ്രാമപ്രദേശങ്ങളില്‍ മതിലുകള്‍ ഇടിഞ്ഞുവീണും മരങ്ങള്‍ വീണും നാശനഷ്ടമുണ്ടായി. കൊച്ചി- മധുര ദേശീയപാതയില്‍ 50ലേറെ സ്ഥലങ്ങളില്‍ റോഡ് അപകടാവസ്ഥയിലാണ്. ഇരുട്ടുകാനം- ആനച്ചല്‍-രണ്ടാംമൈല്‍ റോഡ്, ആനച്ചാല്‍-കുഞ്ചിത്തണ്ണിരാജാക്കാട് റോഡ്, അടിമാലി-വെള്ളത്തൂവല്‍- പൂപ്പാറ റോഡ്, കല്ലാര്‍കുട്ടി-പണിക്കന്‍കുടി-മൈലാടുംപാറ റോഡ്, കല്ലര്‍കുട്ടി-പനംകുട്ടി-ഇടുക്കി റോഡ്, കമ്പിളിക്കണ്ടം-മുരിക്കശേരി റോഡ് തുടങ്ങി ജില്ലയില്‍ വലുതും ചെറുതുമായ ഭൂരിഭാഗം റോഡുകളും തകര്‍ച്ചയിലാണ്. ബൈസണ്‍വാലി, അടിമാലി, മാങ്കുളം, കൊന്നത്തടി, മൂന്നാര്‍, ദേവികുളം, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലെ പല മേഖലകളും ഉരുള്‍ പൊട്ടല്‍ ഭീതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.