നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി; നഗര ഗതാഗതം സുരക്ഷിതമാക്കാന്‍ അദാലത്ത്

തൊടുപുഴ: നഗരത്തില്‍ ഗതാഗത പരിഷ്കാരവുമായി ബന്ധപ്പെട്ട വിവാദം കത്തുമ്പോള്‍ ഗതാഗത നിയമം കര്‍ശനമാക്കാന്‍ തീരുമാനം. നഗരയാത്ര സുരക്ഷിതമാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹാഫിസ് മുഹമ്മദിന്‍െറ നേതൃത്വത്തില്‍ നടന്ന അദാലത്തിലാണ് നിയമങ്ങള്‍ കര്‍ശനമാക്കി ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ടായത്. സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്കൂള്‍ ബസുകള്‍, കുട്ടികളുമായി പോകുന്ന ഓട്ടോകള്‍, ജീപ്പുകള്‍ എന്നിവ പരിശോധനക്ക് വിധേയമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും ട്രാഫിക് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓട്ടോകളിലും ജീപ്പുകളിലും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴും പരസ്യമായി ലംഘിക്കുന്ന കാഴ്ചയാണുള്ളത്. നിയമപാലകര്‍ കണ്ണടക്കുന്നത് പതിവായതോടെ കുട്ടികളുമായി വാഹനങ്ങള്‍ രാവിലെയും വൈകീട്ടും ചീറിപ്പായുകയാണ്. കൂടാതെ വൈകുന്നേരങ്ങളില്‍ സ്കൂള്‍ ബസുകളില്‍ കുട്ടികളെ കയറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പല ബസുകളിലും കുട്ടികളെ കയറ്റാത്തതിനാല്‍ നിര്‍ത്തുന്ന ബസുകളില്‍ ഡോറില്‍വരെ തൂങ്ങിക്കിടന്നാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നത്. ഇതിനെതിരെ കര്‍ശന നടപടിക്ക് അദാലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളില്‍ വിദ്യാര്‍ഥികളെ ബസ് പുറപ്പെടാന്‍ ബെല്ലടിക്കുന്നതിന് തൊട്ടുമുമ്പേ കയറ്റൂവെന്ന സ്ഥിതിയാണ്. ഇതുമൂലം മഴയത്ത് ബസ് പുറപ്പെടുന്നതും കാത്ത് ക്യൂവില്‍ നില്‍ക്കേണ്ട ഗതിയാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കണം. നഗരത്തിലെ മാഞ്ഞ് തുടങ്ങിയ മുഴുവന്‍ സീബ്രാലൈനുകളും തെളിച്ചുവരക്കാന്‍ നിര്‍ദേശമുണ്ടായി. കാല്‍നടക്കാര്‍ക്ക് തിരിക്കിനിടെ കടന്നുപോകാനാണ് സീബ്രാലൈന്‍. എന്നാല്‍, ഇവിടെയും ഒൗദാര്യം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ്. സീബ്രാലൈനില്‍ വേഗം കുറക്കാതെയോ യാത്രക്കാരെ അവഗണിച്ചോ പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന നിര്‍ദേശവുമുണ്ടായി. നഗരത്തിലെ ഓട്ടോകള്‍ പലപ്പോഴും അനുവദിച്ചിട്ടുള്ള സ്റ്റാന്‍ഡുകളിലല്ല കിടക്കുന്നത്. സ്റ്റാന്‍ഡുകളില്‍ കിടക്കാതെ സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദാലത്ത് ചൂണ്ടിക്കാട്ടി. മദ്യപിച്ചും ഹോണ്‍ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്. നഗരയാത്ര സുരക്ഷിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവര്‍ പരിശോധനയുമായി രംഗത്തിറങ്ങണമെന്നും അദാലത്ത് ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.