ഹൈറേഞ്ചില്‍ അനധികൃത ക്വാറികള്‍ പെരുകുന്നു

അടിമാലി: മലയോര മേഖലയില്‍ ജനജീവിതത്തിന് ഭീഷണിയായി അനധികൃത ക്വാറികള്‍ പെരുകുന്നു. ഓരോ പഞ്ചായത്തിലും ദിവസവും ക്വാറികളുടെ എണ്ണം കൂടിവരികയാണ്. ക്വാറികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ബാങ്കാണെന്നതിനാല്‍ ഇവക്ക് ലൈസന്‍സ് കൊടുക്കുന്നതിനെ ആരും കാര്യമായി എതിര്‍ക്കാറുമില്ല. മലയോര മേഖലയിലെ പ്രധാന പഞ്ചായത്തുകളിലെല്ലാം ഓരോദിവസവും ക്വാറികളെ ചൊല്ലി വിവാദങ്ങള്‍ ഉയരാറുണ്ടെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വാധീനമുള്ള ക്വാറി ഉടമകള്‍ ഇതെല്ലാം അവഗണിക്കുകയാണ്. ഇതിന്‍െറ ഫലമായാണ് ഈ മേഖലയില്‍ അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുന്നത്. അമ്പഴച്ചാലില്‍ വ്യാഴാഴ്ച തൊഴിലാളിവീണ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഏതാനും ആഴ്ച മുമ്പ് അടിമാലി പഞ്ചായത്തിലെ ഒരു ക്വാറിയില്‍ തൊഴിലാളിക്ക് അപകടം പിണഞ്ഞിരുന്നു. ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും ദുരന്തം. സാധാരണ മഴക്കാലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കാറില്ല. എന്നാല്‍, ഇപ്പോള്‍ മൈനിങ് ആന്‍ഡ് ജിയോളജി, റവന്യൂ വകുപ്പുകളുടെ സഹായത്തോടെ രാപകല്‍ വ്യത്യാസമില്ലാതെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ക്വാറികള്‍ നിയമവിരുദ്ധമാണെന്നാണ് സമ്മതിക്കുന്ന ജില്ലാ ഭരണകൂടം അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യത്തിന് മുന്നില്‍ മൗനം പാലിക്കുകയാണ്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് മിക്ക സ്ഥലത്തും പാറ പൊട്ടിക്കുന്നത്. ഇതിന്‍െറ ആഘാതത്തില്‍ പരിസരത്തെ വീടുകള്‍ വിറക്കുകയും കല്ലുകള്‍ തെറിച്ചുവീഴുകയും ചെയ്യാറുണ്ട്. ഇവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ്. കുടിയേറ്റ മേഖലയിലെ ഭൂരിഭാഗം ക്വാറികള്‍ക്കും ലൈസന്‍സില്ല. വിരലിലെണ്ണാവുന്നവക്ക് ഉണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ലൈസന്‍സിനാവശ്യമായ രേഖകള്‍ ഉണ്ടാക്കിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ്. തൊഴിലാളികളുടെ ജീവനുപോലും ഭീഷണി ഉയര്‍ത്തുന്ന നിലയിലാണ് ഭൂരിഭാഗം ക്വാറികളും പ്രവര്‍ത്തിക്കുന്നത്. ഒരുസമയം ഒരു സ്ഫോടനം എന്നതിന് പകരം ഒരേസമയം നിരവധി സ്ഫോടനങ്ങള്‍ എന്ന രീതിയാണ് ഇവിടെ. കഴിഞ്ഞമാസം ക്വാറി തൊഴിലാളിക്ക് സ്ഫോടനത്തിനിടെ പരിക്കേറ്റിരുന്നു. പാറകള്‍ പൊട്ടിച്ചുവിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച ശേഷം ഉപേക്ഷിച്ചുപോയ നിരവധി ക്വാറികളും മലയോരമേഖലയില്‍ ഉണ്ട്. മഴക്കാലം തുടങ്ങിയതോടെ ഇവയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. വെള്ളം നിറഞ്ഞ ക്വാറിയില്‍വീണ് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ക്വാറികള്‍ ഉപേക്ഷിച്ചുപോകുമ്പോള്‍ മണ്ണിട്ട് നികത്തണമെന്ന വ്യവസ്ഥ പലപ്പോഴും പാലിക്കാറില്ല. കഴിഞ്ഞവര്‍ഷം രാജാക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സൈക്ക്ളില്‍ വന്ന കുട്ടികള്‍ ഉപേക്ഷിച്ച ക്വാറിയിലെ വെള്ളക്കെട്ടില്‍വീണ് മരിച്ചിരുന്നു. വെള്ളം നിറഞ്ഞുകിടക്കുന്ന എല്ലാ ക്വാറികളും നികത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.