നെടുങ്കണ്ടം: വിവിധ വകുപ്പുകള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തെ ക്വാര്‍ട്ടേഴ്സ് കൈയേറി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കുടുംബവും താമസം തുടങ്ങിയതില്‍ വ്യാപക പ്രതിഷേധം. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റാണ് ക്വാര്‍ട്ടേഴ്സില്‍ താമസം ആരംഭിച്ചത്. പഞ്ചായത്ത് മുന്‍ ഭരണസമിതിയുടെ പിടിപ്പുകേടുമൂലം പാതി വഴിയില്‍ മുടങ്ങിയ സിന്തറ്റിക് സ്റ്റേഡിയം വക സ്ഥലത്തെ ക്വാര്‍ട്ടേഴ്സാണ് കൈയേറിയത്. നല്‍കിയ സ്ഥലം തിരികെ ആവശ്യപ്പെട്ട് വകുപ്പുകള്‍ സര്‍ക്കാറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ട്രഷറി, പൊലീസ്, റവന്യൂ വകുപ്പുകളുടെ സ്ഥലമാണ് സ്റ്റേഡിയത്തിനായി വിട്ടുനല്‍കിയത്. നിലവിലെ ട്രഷറി വകുപ്പിന്‍െറ രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചുമാറ്റി പകരം ട്രഷറിക്ക് രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു വ്യവസ്ഥ. സ്റ്റേഡിയം നിര്‍മാണം മുടങ്ങിയതോടെ ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചുനീക്കിയില്ല. ഇതിനിടയില്‍ സ്റ്റേഡിയം വക സ്ഥലത്ത് പഞ്ചായത്ത് ഓഫിസ് നിര്‍മിക്കാന്‍ നീക്കം നടക്കുകയും പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു. സ്റ്റേഡിയം നിര്‍മാണത്തിന് അല്ലാതെ സ്ഥലം ഉപയോഗിക്കാന്‍ പാടില്ളെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാല്‍ തിരികെ നല്‍കണമെന്ന വിവിധ വകുപ്പുകളുടെ തീരുമാനം മന്ത്രിസഭായോഗത്തില്‍ അംഗീകരിക്കുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റ് സമ്മതപത്രം നല്‍കുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷന്‍, സബ്ട്രഷറി, താലുക്കാശുപത്രി എന്നിവക്ക് നടുവിലായി വിവിധ വകുപ്പുകളുടെ ആറേക്കര്‍ ഭൂമി 2009 ഫെബ്രുവരി 23ന് ഇടതുമുന്നണി മന്ത്രിസഭയുടെ കാലത്ത് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ് സ്റ്റേഡിയത്തിനായി ഗ്രാമ പഞ്ചായത്തിന് കൈമാറിയത്. നാലുകോടി രൂപ ചെലവഴിച്ച് മൂന്നുവര്‍ഷം കൊണ്ട് എട്ട് ലൈനുകളുള്ള 400 മീറ്റര്‍ ട്രാക് ഉള്‍പ്പെടെ ഏത് കാലാവസ്ഥയിലും മത്സരങ്ങള്‍ നടത്താന്‍ കഴിയുംവിധമാണ് പദ്ധതി വിഭാവനം ചെയ്തത്. പണമുണ്ടായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനാവാത്ത സ്ഥലത്ത് രണ്ട് ക്വാര്‍ട്ടേഴ്സാണ് ഉണ്ടായിരുന്നത്. ഇതിലൊരെണ്ണം മാസങ്ങള്‍ക്കുമുമ്പ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് താമസിക്കാന്‍ നല്‍കി. സേനക്കായി അനുവദിച്ച സ്ഥലത്ത് കെട്ടിടം നിര്‍മിക്കുമ്പോള്‍ ഇവരെ മാറ്റുമെന്നാണ് അറിവ്. പഞ്ചായത്തിന് സ്വന്തമായി ഈ സ്ഥലമോ ക്വാര്‍ട്ടേഴ്സോ ഉപയോഗിക്കാന്‍ നിയമമില്ളെന്നിരിക്കെ ഇത് ലംഘിച്ചാണ് ഇപ്പോഴത്തെ കൈയേറ്റം. ഇതിനിടയില്‍ സ്റ്റേഡിയത്തിലെ മുറികള്‍ കെ.എസ്.ആര്‍.ടി.സിക്കും എന്‍.സി.സിക്കും ചില സ്വകാര്യവ്യക്തികള്‍ക്കും സൗജന്യമായി നല്‍കിയതിലും പരക്കെ ആക്ഷേപമുണ്ട്. അതേസമയം, സ്റ്റേഡിയത്തിന് നല്‍കിയ ക്വാര്‍ട്ടേഴ്സിലെ താമസം താല്‍ക്കാലികമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം പറഞ്ഞു. ഇത് അനധികൃതമല്ല. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമാണ്. പഞ്ചായത്തിന് വിട്ടുതന്ന സ്ഥലമാണിത്. സ്റ്റേഡിയം നിര്‍മാണം പുനരാരംഭിക്കുമ്പോള്‍ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുകൊടുക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് താമസം മാറും. അതുവരെ വാടകക്കാണ് താമസിക്കുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.