ഹൈറേഞ്ചില്‍ കള്ളനോട്ട് വ്യാപകം

കുമളി: ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട് വ്യാപകമായതോടെ പ്രതിസന്ധിയിലായത് നാട്ടുകാര്‍. കുമളി ഉള്‍പ്പെടെ ഹൈറേഞ്ചിലെ മിക്ക ടൗണുകളിലും കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നത് വിഷമത്തിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് കള്ളനോട്ട് എത്തുന്നതെന്നാണ് വിവരം. 500, 1000 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് വന്‍ പലിശക്ക് തുക കടം നല്‍കുന്ന ചിലര്‍ കള്ളനോട്ടുകളും ഇതിനൊപ്പം നല്‍കുന്നതായി വിവരമുണ്ട്. തോട്ടം തൊഴിലാളികള്‍, കൂലിവേലക്കാര്‍ എന്നിവരിലേക്കാണ് തമിഴ്നാട്ടില്‍ ബ്ളേഡുസംഘങ്ങള്‍ പണം ഒഴുക്കുന്നത്. കുമളി ടൗണിലെ ചിലരും വന്‍ തുകകള്‍ പലിശക്ക് നല്‍കുന്നുണ്ട്. ഇവര്‍ വഴിയും കള്ളനോട്ട് പ്രചരിക്കുന്നതായാണ് അറിയുന്നത്. കള്ളനോട്ട് ലഭിക്കുന്ന നാട്ടുകാരില്‍ പലരും ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ചെല്ലുമ്പോഴാണ് കൈവശമുള്ളത് വ്യാജനാണെന്നറിയുന്നത്. നാണക്കേടും കേസും ഒഴിവാക്കാന്‍ ബാങ്കില്‍ വെച്ചുതന്നെ നശിപ്പിച്ചാണ് പലരും മടങ്ങുന്നത്. തേക്കടി ഉള്‍പ്പെടുന്ന ടൂറിസം മേഖലയില്‍ നോട്ട് വേഗത്തില്‍ പ്രചരിക്കാന്‍ സാധ്യതയേറെ ഉള്ളതിനാല്‍ ടൂറിസം മേഖലകള്‍ മാത്രം കേന്ദ്രീകരിച്ച് കള്ളനോട്ട് ലോബിയിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് ഉള്‍പ്പെടെ ലഹരിമരുന്ന് കടത്തുന്നതിനൊപ്പം വ്യാപകമായി കള്ളനോട്ടും എത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്ന അന്തര്‍ സംസ്ഥാന ലോബിക്ക് ഹൈറേഞ്ചിലെ മിക്കസ്ഥലത്തും പണം കൈമാറ്റം നടത്താന്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.