സ്കൂള്‍ വാഹനങ്ങള്‍ പായുന്നത് നിയമങ്ങള്‍ കാറ്റില്‍പറത്തി

അടിമാലി: അധ്യയനവര്‍ഷം ആരംഭിച്ചതോടെ സ്കൂള്‍ കുട്ടികളുമായി വാഹനങ്ങള്‍ നിരത്തിലൂടെ പായുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. സ്വകാര്യ സ്കൂളുകള്‍ക്കുപുറമെ സര്‍ക്കാര്‍ സ്കൂളുകളിലെയും വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് സര്‍വിസ് നടത്തുന്നത്. മിക്ക സ്കൂളുകളിലെയും ബസുകളില്‍ സീറ്റില്‍ ഇരുന്ന് യാത്രചെയ്യാന്‍ പറ്റുന്നത്ര കുട്ടികളെ മാത്രമെ കയറ്റാന്‍ പാടുള്ളൂവെന്ന മോട്ടോര്‍ വാഹന വകുപ്പിന്‍െറ നിര്‍ദേശം മറികടന്ന് കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. കൂടാതെ പരിചയസമ്പന്നരല്ലാത്ത ഡ്രൈവര്‍മാരാണ് മിക്ക സ്കൂള്‍ ബസുകളിലും. റോഡില്‍ 40 കിലോമീറ്റര്‍ വേഗപരിധിയാണ് പറഞ്ഞിട്ടുള്ളതെങ്കിലും 60ന് മുകളിലാണ് ബസുകള്‍ പായുന്നത്. എമര്‍ജന്‍സി വാതിലുകള്‍ നിര്‍ബന്ധമാക്കിയെങ്കിലും ഇവ ബസുകളില്‍ കാണാന്‍ പോലുമില്ല. സ്കൂള്‍ ബസുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍നിന്ന് ഓട്ടോയിലും ജീപ്പുകളിലുമാണ് കുട്ടികളെ മാതാപിതാക്കള്‍ അയക്കാറ്. ഓട്ടോയില്‍ അഞ്ചില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നാണ് നിയമം. എന്നാല്‍ പത്തും പതിനഞ്ചും കുട്ടികളെ മുന്നിലും പിന്നിലും ഇരുത്തിയാണ് മിക്ക ഓട്ടോ ഡ്രൈവര്‍മാരും സ്കൂളിലേക്ക് പോകുന്നത്. ഒന്നില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സര്‍വിസ് നടത്തുന്നവരാണെങ്കില്‍ അടുത്ത സ്ഥലത്തേക്ക് പോകാനായി മരണപ്പാച്ചിലായിരിക്കും. ഇത് ഓട്ടോകള്‍ കൂടുതലായും അപകടത്തില്‍പെടുന്നതിന് കാരണമാകുന്നു. തോട്ടം-കാര്‍ഷിക മേഖലയില്‍ സ്കൂള്‍ ബസുകളെക്കാള്‍ ഓട്ടോയും മറ്റ് വാഹനങ്ങളിലുമാണ് കുട്ടികളെ രക്ഷിതാക്കള്‍ സ്കൂളുകളിലേക്ക് അയക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം ഓട്ടോയും മറ്റ് വാഹനങ്ങളും അപകടത്തില്‍പെട്ട് നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.