തൊടുപുഴ: പ്രതിരോധം താളംതെറ്റിയതോടെ തൊടുപുഴയിലും പരിസരത്തും പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. ഓരോ ദിവസവും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ബാധിതര്‍ വര്‍ധിക്കുകയാണെന്ന് നഗരസഭയില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം വിലയിരുത്തി. തൊടുപുഴ നഗരസഭയില്‍ മാത്രം 24 കേസുകള്‍ രണ്ടു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി. സമീപ പഞ്ചായത്തുകളായ വണ്ണപ്പുറം-കോടിക്കുളം-കുമാരമംഗലം എന്നിവിടങ്ങളില്‍ പനി വ്യാപകമായത് നഗരത്തിലും പനി ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിവിധ പഞ്ചായത്തുകളില്‍നിന്ന് 30 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ഐ.പിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നഗരസഭാ അധ്യക്ഷ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ശനിയാഴ്ച രാവിലെ യോഗം ചേര്‍ന്നത്. കഴിഞ്ഞമാസം മഴക്കാല രോഗങ്ങളെ നേരിടുന്നതിന്‍െറ ഭാഗമായി കലക്ടര്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍, ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ളെന്ന് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.ഏപ്രിലില്‍ ഏഴ് ഡെങ്കി കേസുകളാണ് തൊടുപുഴയില്‍ ഉണ്ടായിരുന്നതെങ്കില്‍ മേയില്‍ 20ഉം ജൂണില്‍ നാലു ദിവസത്തിനിടെ അഞ്ചുമായതായി ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. ഇങ്ങനെ പോയാല്‍ ഈമാസം 50 പേര്‍ക്കെങ്കിലും പനി സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. കൃത്യമായ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും ഇവ പാലിക്കപ്പെടാത്ത സാഹചര്യമാണെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ യോഗത്തില്‍ പറഞ്ഞു. ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും നിര്‍ദേശങ്ങള്‍ ആരും പാലിക്കുന്നില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരും സഹകരിക്കുന്നില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പലരും ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളടക്കം എടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. കുടുംബശ്രീ പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പല വാര്‍ഡുകളിലും നിര്‍ത്തിയതായി യോഗത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാര്‍ ചൂണ്ടിക്കാട്ടി. പല വീടുകളിലും ബയോഗ്യാസ് പ്ളാന്‍റുകള്‍ കൊതുകുകളുടെ കേന്ദ്രമാകുകയാണ്. റബര്‍ തോട്ടത്തില്‍ ചിരട്ടകള്‍ കമിഴ്ത്തിവെക്കാന്‍ തയാറാകാത്തതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ കുമാരമംഗലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഒരു ആശാ പ്രവര്‍ത്തക ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണെന്നും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഇവരും വ്യക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ളെന്ന് യോഗത്തില്‍ വിമര്‍ശമുണ്ടായി. നഗരത്തിലെ ചില വാര്‍ഡുകളില്‍ യാതൊരു ശുചീകരണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ളെന്ന വിമര്‍ശം ഉയര്‍ന്നു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവത്കരണം നടത്താന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. കുടുംബയോഗം, വാര്‍ഡ് സഭ എന്നിവ ചേര്‍ന്ന് ബോധവത്കരണം ഊര്‍ജിതമാക്കും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുമായി ചേര്‍ന്ന് ഫോഗിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും നഗരസഭാ അധ്യക്ഷ സഫിയ ജബ്ബാര്‍ യോഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.