ഇടനെഞ്ചുപൊട്ടി ഇടുക്കി

തൊടുപുഴ: നദികളുടെയും അണക്കെട്ടുകളുടെയും നാടായ ഇടുക്കിയില്‍ വനനശീകരണവും നിലംനികത്തലും കുഴല്‍കിണര്‍ നിര്‍മാണവും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നു. വേനലിന്‍െറ ആരംഭത്തില്‍ മുന്‍പില്ലാത്ത വിധം കടുത്ത വരള്‍ച്ചയിലേക്കാണ് ജില്ല നീങ്ങുന്നത്. കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടിയ കാഴ്ചക്കും സാക്ഷ്യം വഹിച്ചു. മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവും വന്‍ തിരിച്ചടിയാകുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഴയുടെ കുറവാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31വരെ 358 മി.മീ. മഴയാണ് ഇടുക്കിയില്‍ പെയ്തത്. 426.6 മി.മീ. മഴ പ്രതീക്ഷിച്ചിടത്താണ് ഇത്. ഏതാണ്ട് 16 ശതമാനത്തോളം കുറവാണുണ്ടായത്. ഇടുക്കിയില്‍ പാടശേഖരങ്ങള്‍ ഓരോ ദിവസവും വ്യാപകമായി നികത്തുകയാണ്. 70 ശതമാനം പാടശേഖരങ്ങളും ഇടുക്കിയില്‍നിന്ന് അപ്രത്യക്ഷമായി. ഹൃദയം തുരക്കുന്ന കുഴല്‍കിണറുകളും ഇടുക്കിയില്‍ കൂണുപോലെ മുളക്കുകയാണ്. മേയില്‍ ഭൂജല വകുപ്പ് നടത്തിയ പഠനത്തില്‍ ജലവിതാനം ക്രമാതീതമായി താഴുന്നതായി കണ്ടത്തെിയിരുന്നു. മുന്‍കാലങ്ങളില്‍ 50-60 മീറ്റര്‍ താഴ്ചയില്‍ ജലം സുലഭമായി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 100 മീറ്റര്‍ താഴ്ചയില്‍പോലും ജലമില്ലാത്ത സാഹചര്യമാണ്. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വരള്‍ച്ച അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ജനുവരി ആരംഭം മുതല്‍ ജനം വെള്ളം തേടി അലയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടുത്ത വരള്‍ച്ചയില്‍നിന്ന് രക്ഷ തേടാന്‍ ജനം മൂന്നാറിലേക്ക് ഒഴുകിയിരുന്നു. എന്നാല്‍, മൂന്നാറിന്‍െറയും കാലാവസ്ഥയിലും വ്യതിയാനം സംഭവിച്ചു. ഇത്തവണ മൂന്നാറിലും തണുപ്പ് കാര്യമായത്തെിയില്ല. ഭൂജല വകുപ്പിന്‍െറ ഒൗദ്യോഗിക കണക്കനുസരിച്ച് ജില്ലയില്‍ ഒരുവര്‍ഷം നൂറില്‍താഴെ കുഴല്‍ കിണറുകളാണ് പുതുതായി കുഴിക്കുന്നത്. പരമ്പരാഗത കിണറുകള്‍ കുഴിക്കാനോ ഉള്ള കിണറിന് ആഴം കൂട്ടാനോ ശ്രമിക്കുന്നവര്‍ വിരളമാണ്. ചരിഞ്ഞ ഭൂപ്രകൃതിയും പാറക്കെട്ടുകളും കുഴല്‍കിണര്‍ നിര്‍മാണത്തിന് തടസ്സമാകില്ളെന്നതും ഹൈറേഞ്ച് മേഖലകളില്‍ കുഴല്‍ കിണറിന്‍െറ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ്. ഇടുക്കിയില്‍ മരംമുറിയും വനനശീകരണവും തുടരുകയാണ്. വനനശീകരണം മഴയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഴക്കാലത്ത് ലഭ്യമായ ജലം പരമാവധി സൂക്ഷ്മയോടെ സംരക്ഷിക്കാനും മലിനീകരണവും ചൂഷണവും ഒഴിവാക്കാനും ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണം. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇടുക്കിയിലെ ഭൂരിഭാഗം പഞ്ചായത്തുകളും വരള്‍ച്ചയുടെ പിടിയിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.