ഭാരവണ്ടികള്‍ പായുന്നു; റോഡും പാലവും തകര്‍ച്ചയില്‍

മുട്ടം: ടണ്‍ കണക്കിന് ലോഡുമായി ചീറിപ്പായുന്ന ടിപ്പര്‍, ടോറസ് വാഹനങ്ങള്‍ പാലവും റോഡും തകര്‍ക്കുന്നു. അധികൃതര്‍ ഇടപെട്ടില്ളെങ്കില്‍ ഭാരവാഹനങ്ങള്‍ വഴിയില്‍ തടയാനൊരുങ്ങുകയാണ് നാട്ടുകാര്‍. തൊടുപുഴ, കാഞ്ഞാര്‍, മുട്ടം എന്നിവിടങ്ങളിലെ പാറമടകള്‍ക്കെതിരെയാണ് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസും കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. റോഡും പാലവും നശിക്കുന്നതിനൊപ്പം ജലാശയങ്ങളും മലിനമാക്കിയാണ് പാറമടകളുടെ പ്രവര്‍ത്തനം. പാറപ്പൊടി കയറ്റിയ വാഹനം സഞ്ചരിക്കുന്ന മേഖലകളില്‍ താമസിക്കുന്നവര്‍ ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു. ആറ് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡിലൂടെ മാത്രമെ പത്ത് ടണ്ണില്‍ കൂടുതല്‍ ലോഡ് കയറ്റിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍, 40 ടണ്ണിലധികം വരെ ഭാരം കയറ്റിയ വാഹനങ്ങളാണ് ചെറിയ വഴികളിലൂടെ സഞ്ചരിക്കുന്നത്. ഹെല്‍മറ്റ് വേട്ടയും സീറ്റ് ബെല്‍റ്റ് വേട്ടയുമായി നടക്കുന്ന പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇതിനുനേരെ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം. കാഞ്ഞാര്‍ ടൗണില്‍നിന്ന് വെങ്കിട്ട, അറക്കുളം, മൂന്നുങ്കവയല്‍ മേഖലകളിലെ ആയിരക്കണക്കിനാളുകളുടെ ആശ്രയമായ വെങ്കിട്ട പാലം തകര്‍ച്ചയുടെവക്കിലാണ്. ടാറിങ് പൂര്‍ണമായും തകര്‍ന്ന് ഇവിടം ചളിക്കുളമായി. മൂന്നുമീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെ ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നാടക്കാരും എതിരെ വരുന്ന വാഹനങ്ങളും സമീപത്തെ പറമ്പുകളിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ്. പാറമടയില്‍നിന്ന് ആസിഡ് കലര്‍ന്ന മലിനജലം രാത്രി പുഴയിലേക്ക് തുറന്നുവിടുന്നത് മൂലം കുളിക്കുന്നവര്‍ക്ക് ശരീരികാസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. സഹികെട്ട നാട്ടുകാള്‍ കഴിഞ്ഞദിവസം ടിപ്പറുകള്‍ക്ക് അള്ളുവെച്ചിരുന്നു. അഞ്ചിരിയിലെ പാറമടക്കെതിരെ വില്ളേജ് ഓഫിസര്‍, തഹസില്‍ദാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കലക്ടര്‍ എന്നിവിടങ്ങളിലെല്ലാം പരാതിയത്തെിയിട്ടുണ്ട്. അഞ്ചിരിമുതല്‍ ആനക്കയംവരെ റോഡ് പൂര്‍ണമായും തകര്‍ന്നു. പാറമണല്‍ കഴുകിയ മലിനജലം അഞ്ച് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സായ മലങ്കര ജലാശയത്തിലേക്ക് തുറന്നുവിടുന്നതായും അമിതഭാരം കയറ്റിയ വാഹനങളുടെ സഞ്ചാരം മൂലം 40 കോടി മുതല്‍ മുടക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടുന്നതായും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നടപടിയെടുത്തില്ളെങ്കില്‍ പാറമടയില്‍നിന്നുള്ള വാഹനങ്ങള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ലിജോ ജോസ് മഞ്ചപിള്ളി പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന മുട്ടം കോടതിക്കവല-കോടതി റോഡ്് ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം ഇടിഞ്ഞുതാഴുകയാണ്. മൂന്നുമീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെ അമിതഭാരവുമായി രാപകല്‍ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പാറമട മുതലാളിമാരില്‍നിന്ന് പടിവാങ്ങി രാഷ്ട്രീയക്കാരും പൊലീസും നാട്ടുകാരുടെ ദുരിതത്തിനുനേരെ കണ്ണടക്കുകയാണെന്ന് കാഞ്ഞാര്‍ യൂത്ത് ഐക്യവേദി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.