ഗ്രാമങ്ങളില്‍ വെളിച്ചമത്തെിക്കാന്‍ 38 കോടിയുടെ കേന്ദ്രപദ്ധതി

തൊടുപുഴ: ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും വൈദ്യുതി എത്തിക്കാന്‍ 38 കോടിയുടെ കേന്ദ്രപദ്ധതി. ഗ്രാമീണ മേഖലകളിലും പ്രത്യേകിച്ച് ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലും ആദിവാസി മേഖലകളിലും വെളിച്ചമത്തെിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു. നൂറുകണക്കിന് കുടുംബങ്ങളുടെ വൈദ്യുതിക്കായുള്ള കാത്തിരിപ്പിന് ഇതോടെ അറുതിയാകുമെന്ന് കരുതുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാലപ്പഴക്കം ചെന്ന ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും മാറ്റിസ്ഥാപിക്കും. സബ്സ്റ്റേഷനുകളുടെ നവീകരണത്തിനും മികവുറ്റ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള വൈദ്യുതി വിതരണത്തിനും ഏറെ സഹായകരമാകുന്നതാണ് ഭരണാനുമതി ലഭിച്ച 38 കോടിയുടെ പ്രവര്‍ത്തനങ്ങള്‍. ആനയിറങ്കല്‍, പേത്തൊട്ടിപ്പാറ, ആലിന്‍ചുവട്- ചെറുതോണി, കീഴാന്തൂര്‍, നയിമക്കാട്, കല്ലാര്‍-ചെങ്കുളം, കഞ്ഞിക്കുഴി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം-കോലാനി, കുമളി-ചളിമട, മണക്കാട്, കൊച്ചുതോവാള, പാമ്പാടുംപാറ, പശുപ്പാറ, പാമ്പനാര്‍, പതിപ്പള്ളി, പുള്ളിക്കാനം, കടുക്കാസിറ്റി, തൂക്കുപാലം, വണ്ടന്മേട്, കരിക്കിന്‍തോളം തുടങ്ങിയ പ്രദേശങ്ങളിലെ 80 കിലോമീറ്റര്‍ ദൂരം വരുന്ന പഴയ വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിക്കും. വണ്ടിപ്പെരിയാറില്‍ 66 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിക്കും. ജില്ലയിലെ എട്ട് ബ്ളോക്കുകളിലെ സബ്സ്റ്റേഷനുകള്‍ ആധുനികവത്കരിക്കും. വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, ചിന്നക്കനാല്‍, ശാന്തമ്പാറ, വണ്ണപ്പുറം, ആലക്കോട്, വെള്ളിയാമറ്റം, വാത്തിക്കുടി, തങ്കമണി, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍, വാഗമണ്‍, ഉപ്പുതറ, കരുണാപുരം, പുറപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള 9714 കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും. മക്കുവള്ളി, മനയത്തടം, കൈതപ്പാറ തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 50 വര്‍ഷത്തിലധികമായി വൈദ്യുതി ഇല്ലാതിരുന്ന സ്ഥലങ്ങളിലും ഇതോടെ വൈദ്യുതി എത്തും. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയിലൂടെ ഭരണാനുമതി ലഭിച്ച 38 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ ആരംഭിക്കുമെന്നും ഇത് ജില്ലയുടെ വൈദ്യുതി വിതരണ രംഗത്ത് വിപ്ളവകരമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.